റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ പോലീസ് തലപ്പത്ത് അഴിച്ചുപണി. പോലീസ് മേധാവി എ.എന്‍. ഉപാധ്യായെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. സ്പെഷ്യല്‍ ഡയറക്ടര്‍ ജനറലായ ഡി.എം. അശ്വതിക്കാണ് താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്.
2014ലാണ് ഉപാധ്യായ ഛത്തീസ്ഗഡ് ഡിജിപിയായി സ്ഥാനമേറ്റിരുന്നത്. പോലീസ് ഹൗസിംഗ് കോര്പ്പറേഷന് ചെയര്‍മാനായാണ് ഉപാധ്യായുടെ പുതിയ നിയമനം. ബുധനാഴ്ച വൈകിട്ടോടെയാണ് ഉത്തരവിറങ്ങിയത്.

പുതിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പോലീസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായാണ് ഉപാധ്യായെ നീക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭൂപേഷ് ഭാഗലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഛത്തീസ്ഗഡില്‍ അധികാരമേറ്റത്.













