ചൈനയില്‍ ആനക്കൊമ്പുകച്ചവടം നിരോധിച്ചു

ചൈനയില്‍ ആനക്കൊമ്പ് കച്ചവടം നിരോധിച്ചു.ലോകത്തിലെ ഏറ്റവുംവലിയ ആനക്കൊമ്പ് കച്ചവട കേന്ദ്രമായ ചൈന 2018 ജനുവരി ഒന്നുമുതല്‍ തങ്ങളുടെ രാജ്യത്ത് ഈ കച്ചവടം നിര്‍ത്തുകയാണ്.ആനകള്‍ സംരക്ഷിക്കപ്പെടണം എന്നുള്ള ആഗോളവ്യാപകമായ തീരുമാനത്തോട് ഐക്യം പ്രഖ്യാപിക്കുന്നതാണ് ചൈനയുടെ ഈ തീരുമാനം.

കഴിഞ്ഞ വര്‍ഷം തന്നെ ഈ നിയമം നിലവിലുണ്ടായിരുന്നെങ്കിലും 2017 ഡിസംബര്‍ 31 ഞായറാഴ്ചയോടെയാണ് നിയമം ശരിക്കും പ്രാബല്യത്തില്‍ വരുന്നത്. ഇനി മുതല്‍ ചൈനയില്‍ ആനക്കൊമ്പു വില്‍പ്പന ഗുരുതരമായ കുറ്റമായിരിക്കും.

ഔദ്യോഗികമായി ആനക്കൊമ്പു കച്ചവടം നടത്തുന്ന 67 കടകള്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ തന്നെ അടച്ചുപൂട്ടിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഇത്തരത്തിലുള്ള നൂറിലധികം സ്ഥാപനങ്ങളും അടച്ചുപൂട്ടുകയുണ്ടായി.

ആനകളുടെ വന്‍ നാശമാണ് ഇത്തരം വില്‍പ്പനയോടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിനു ആനകളാണ് ഓരോ വര്‍ഷവും ഈ കച്ചവടത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നത്. ഇതില്‍തന്നെ ആഫ്രിക്കന്‍ ആനകളാണ് കൂടുതലും കൊല്ലപ്പെടുന്നത്. ഇതിനെതിരെ ലോകമെമ്പാടും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

എക്കാലത്തേയും ചരിത്രപരമായ ബോധവല്‍ക്കരണമാണ് ഈ കച്ചവടനിരോധനത്തിലൂടെ ചൈന നടത്തുന്നത്. ലോകത്തിലെ വിവിധ സെലിബ്രിറ്റികള്‍ ഇതിനെ വാഴ്ത്തി രംഗത്തുവന്നിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *