ചെലവുചുരുക്കല്‍ എടിഎമ്മുകള്‍ക്ക് പൂട്ട് വീഴുന്നു: ബാങ്കുകള്‍ പൂട്ടിയത് 2500 എടിഎമ്മുകള്‍


ന്യൂഡല്‍ഹി: ചെലവു ചുരുക്കലിന്റെ ഭാഗമായി പത്തുമാസത്തിനിടെ ബാങ്കുകള്‍ പൂട്ടിയത് 2500ഓളം എടിഎമ്മുകള്‍.2017 മെയിലെ കണക്കുപ്രകാരം ബാങ്കുകള്‍ക്കൊട്ടാകെ 1,10,116 എടിഎമ്മുകളാണുണ്ടായിരുന്നത്. ഫെബ്രുവരി 2018 ആയതോടെ ഇത് 1,07,630ആയി കുറഞ്ഞു. അതായത് താഴുവീണത് 2,486 എടിഎമ്മുകള്‍ക്ക്.
ബാങ്കുകളോട് ചേര്‍ന്നുള്ള എടിഎമ്മുകളുടെ കണക്കാണിത്. ബാങ്കിനോട് ചേര്‍ന്നല്ലാതെയുള്ള എസ്ബിഐയുടെ എടിഎമ്മുകളുടെ എണ്ണം കൂടിയിട്ടുമുണ്ട്.


ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ ശാഖകളുടെ എണ്ണവും കുറയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായികൂടിയാണ് എടിഎമ്മുകള്‍ പൂട്ടിയത്.ഈ കാലയളവില്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖകളോടെ ചേര്‍ന്നുള്ള 108 എടിഎമ്മുകളും മറ്റിടങ്ങളിലുള്ള 100 എടിഎമ്മുകളുമാണ് പൂട്ടിയത്.


കാനറ ബാങ്ക് ശാഖകളോടുചേര്‍ന്നുള്ള 189 ഉം പുറത്തുള്ള 808 എടിഎമ്മുകളും പൂട്ടി. സെന്‍ട്രല്‍ ബാങ്ക് 27 ഓണ്‍സൈറ്റ് എടിഎമ്മുകളും 317 ഓഫ് സൈറ്റ് എടിഎമ്മുകളുമാണ് അടച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക് യഥാക്രമം 655ഉം 467ഉം എടിഎമ്മുകള്‍ അടച്ചതായി ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

എസ്ബിഐയുടെ ശാഖകളോടു ചേര്‍ന്നുള്ള എടിഎമ്മുകളുടെ എണ്ണം 29,150ല്‍നിന്ന് 26,505 എണ്ണമായാണ് കുറച്ചത്. അതേസമയം, ശാഖകള്‍ക്ക് പുറത്തുള്ള എടിഎമ്മുകളുടെ എണ്ണം 29,917ല്‍നിന്ന് 32,680ആയി കൂട്ടുകയും ചെയ്തു. 2017 മെയ്ക്കും 2018 ഫെബ്രുവരിക്കും ഇടയിലുള്ള കണക്കാണിത്.



Sharing is Caring