ചെന്നിത്തലയുടെ പടയൊരുക്കം ഉമ്മന്‍ചാണ്ടിക്കെതിരെ: കോടിയേരി

എല്‍ഡിഎഫ് ജനജാഗ്രതായാത്രയുടെ ലീഡര്‍ കോടിയേരി ബാലകൃഷ്ണനെ കണ്ണൂര്‍ പഴയങ്ങാടിയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിക്കുന്നു

കാസര്‍കോട്: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കമാണ് നവംബര്‍ ഒന്നിന് തുടങ്ങുന്ന യുഡിഎഫ് ജാഥയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കെപിസിസി രാഷ്ട്രീയസമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വി എം സുധീരന്‍ പടയൊരുക്കം നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ ഇത് ശക്തിപ്രാപിക്കും. യുഡിഎഫിലേക്കും പടരും. യുഡിഎഫ് വലിയ തകര്‍ച്ചയാണ് നേരിടുന്നത്. രാഷ്ട്രീയമായും സംഘടനാപരമായും ദുര്‍ബലമായി. കെ എം മാണിയുടെ പാര്‍ടി യുഡിഎഫ് വിട്ട് സ്വതന്ത്രനിലപാട് സ്വീകരിച്ചതോടെ യുഡിഎഫിന്റെ കെട്ടുറപ്പ് നഷ്ടപ്പെട്ടു. യുഡിഎഫ് ഘടകകക്ഷികള്‍ മുന്നണി വിടാന്‍ സന്ദര്‍ഭം നോക്കിയിരിക്കുകയാണ്. എല്‍ഡിഎഫ് ജനജാഗ്രതായാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങളില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് വന്നതോടെ യുഡിഎഫിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് നില്‍ക്കക്കള്ളിയില്ലാതായി. കേരളത്തില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണ് സോളാര്‍. ഇതുമായി ബന്ധപ്പെട്ട് നടന്ന ജുഡീഷ്യല്‍ അന്വേഷണത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല. യുഡിഎഫ് സര്‍ക്കാരാണ് ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമീഷനായി നിയോഗിച്ചത്. കമീഷന്റെ അന്വേഷണപരിധിയില്‍ വരേണ്ട കാര്യങ്ങള്‍ നിശ്ചയിച്ചതും യുഡിഎഫ് സര്‍ക്കാരാണ്. തങ്ങള്‍ നിയോഗിച്ച അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന യുഡിഎഫ് നിലപാട് വിചിത്രമാണ്. എല്‍ഡിഎഫ് ഇക്കാര്യത്തില്‍ നിമമപരമായി മാത്രമേ നീങ്ങൂ. ആരെയും വെറുതെ കുറ്റവാളിയാക്കാന്‍ ശ്രമിക്കില്ല. അതാണ് സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ജഡ്ജിയായിരുന്നയാളില്‍നിന്ന് നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. നിയമസഭയില്‍ റിപ്പോര്‍ട്ട് വയ്ക്കാന്‍ തീരുമാനിച്ചതോടെ യുഡിഎഫും കോണ്‍ഗ്രസും പരിഭ്രാന്തിയിലാണ്.

കേരളത്തിലെ എല്‍ഡിഎഫിനെ മുഖ്യവിപത്തായാണ് യുഡിഎഫ് കാണുന്നത്. അതാണ് ജിഎസ്ടിയുടെ പേരില്‍ സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയത്. ജിഎസ്ടി വിഷയം ദേശീയപ്രശ്നമാക്കി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹര്‍ത്താലിന് തയ്യാറാണോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. നോട്ട് നിരോധനത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം സംഘടിച്ചപ്പോള്‍ കോണ്‍ഗ്രസ് നിസ്സഹരിക്കുകയായിരുന്നു. നോട്ട് നിരോധനത്തിന് അവര്‍ അനുകൂലമായിരുന്നു. ജിഎസ്ടി പാസാകുമ്പോള്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എതിര്‍ത്തില്ലെന്നും കോടിയേരി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *