കണ്ണൂർ ജില്ലയിലെ ചെങ്ങളായി വളക്കൈയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ 19-കാരി മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്.ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. പീയൂഷ് എം. നമ്ബൂതിരിപ്പാടിന്റ നിർദേശ പ്രകാരം വളക്കൈ പ്രദേശത്ത് വിദഗ്ധസംഘമെത്തി കൊതുകിന്റെ ഉറവിടം കണ്ടെത്താൻ പരിശോധന നടത്തി. വെസ്റ്റ് നൈല്‍ പനി റിപ്പോർട്ട് ചെയ്ത കുട്ടിയുടെ വീട് സംഘം സന്ദർശിച്ചു.

തുടർന്ന് ആരോഗ്യ ദ്രുതകർമസേന യോഗം ചേർന്നു.
ചത്ത നിലയില്‍ കണ്ട പക്ഷിയുടെ ജഡം സംഘം പരിശോധനയ്ക്കെടുത്തിട്ടുണ്ട്. പ്രദേശത്ത് പക്ഷികള്‍ അസ്വാഭാവികമായി ചത്ത് വീഴുന്ന സാഹചര്യം ഉണ്ടെങ്കില്‍ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് നിർദേശമുണ്ട്.
ജില്ലാ സർവയലൻസ് ഓഫീസർ ഡോ. കെ.സി. സച്ചിന്റെ നേതൃത്വത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള സംഘം സന്ദർശനം നടത്തിയത്. 2011-ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി രോഗം കണ്ടെത്തിയത്. ഈ വർഷം സംസ്ഥാനത്ത് 28 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേർ മരിച്ചു.
അണുബാധയുള്ള പക്ഷികളെ കടിച്ച കൊതുകുകള്‍ മനുഷ്യരെ കടിക്കുമ്ബോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല.













