ചെങ്ങന്നൂര്‍: കൂട്ടിയും കിഴിച്ചും നോക്കി… ജയമല്ലാതെ മൂന്നു മുന്നണികള്‍ക്കും മറ്റൊന്നും ചിന്തിക്കാന്‍ പോലുമാകുന്നില്ല. ഇവരില്‍ ആരുടെ കണക്കുകൂട്ടല്‍ ശരിയാകുമെന്നത് 31-ന് അറിയാം. അതുവരെ ശുഭപ്രതീക്ഷ പങ്കുവെക്കുകയാണ് മുന്നണികളുടെ അമരക്കാര്‍. അന്തിമ പോളിങ് ശതമാനം 76.27 ആണ്. വോട്ടെണ്ണല്‍ വ്യാഴാഴ്ചയും.
തിരുവന്‍വണ്ടൂര്‍ ഉള്‍പ്പെടെ പത്തു പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും വ്യക്തമായ ലീഡ് ലഭിക്കുമെന്നും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നുമാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍.എന്‍.ഡി.എ.- യു.ഡി.എഫ്. മുന്നണിയില്‍പ്പെട്ടവര്‍ വികസനത്തുടര്‍ച്ചക്കായി സജി ചെറിയാന് വോട്ടു ചെയ്തിട്ടുണ്ടെന്ന് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. വിശ്വഭരപ്പണിക്കര്‍ പറഞ്ഞു. അക്കാരണത്താല്‍ 70,000 മുതല്‍ 75,000 വരെ വോട്ടു എല്‍.ഡി.എഫ്. പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പോളിങ് ശതമാനം വര്‍ധിച്ചത് യു.ഡി.എഫിന് അനുകൂലമാവുമെന്ന് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എബി കുര്യാക്കോസ് കണക്കുകൂട്ടുന്നു. യു.ഡി.എഫ്. ജയിക്കുമെന്ന ഉറച്ച വിശ്വാസമാണ് അദ്ദേഹത്തിന്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യു.ഡി.എഫിന് അനുകൂലമാണ്.65,000-നും 70,000-നും ഇടയില്‍ വോട്ടുകള്‍ ലഭിക്കും. കുറഞ്ഞത് 7000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജയിക്കും. യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ 70 ദിവസത്തോളം കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ ഫലമായാണ് പോളിങ് ഇത്രയും വര്‍ധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണത്തെ നേട്ടം പഴങ്കഥയാക്കി 48,000 മുതല്‍ 55,000 വരെ വോട്ടുകളാണ് എന്‍.ഡി.എ. പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് നേടിയ വോട്ടുകള്‍ കൂടാതെയാണിതെന്ന് എന്‍.ഡി.എ. കമ്മിറ്റി കണ്‍വീനര്‍ എം.വി. ഗോപകുമാര്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന കക്ഷിയായി ബി.ജെ.പി. മാറും. ഭൂരിപക്ഷത്തിന്റെ കണക്കുകളൊന്നും ഇപ്പോള്‍ പറയുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലത്തില്‍ എല്‍.ഡി.എഫ്. – യു.ഡി.എഫ്. രഹസ്യധാരണ പലയിടത്തും ഉണ്ടായിരുന്നുവെന്നാണ് എന്‍.ഡി.എ. കണക്കുകൂട്ടുന്നത്. ഉച്ചയ്ക്കുശേഷം പലയിടത്തും യു.ഡി.എഫ്. സജീവമല്ലായിരുന്നു. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച മാണി വിഭാഗത്തിലെ പലരും എല്‍.ഡി.എഫ്. ക്യാമ്ബില്‍ സജീവമായിരുന്നെന്നും ആരോപിക്കുന്നു












