ചെങ്ങന്നൂരില്‍ മാണി ഇടതിനെ പിന്തുണക്കും;ക്രിസ്ത്യന്‍ മേഖലകളില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഇറക്കി ബിജെപിയും

കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ പോകുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ കേരള കോണ്‍ഗ്രസ്സ് ഇടതുപക്ഷത്തെ പിന്തുണച്ചേക്കും.ബാര്‍ കോഴ കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കൊടുത്ത റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തെ സംബന്ധിച്ച്‌ ഇനി മാണിയെ ഉള്‍ക്കൊള്ളാനും പ്രയാസമില്ല.’ആപത്ത് കാലത്ത് ‘ ഉപദ്രവിക്കാതിരുന്ന സര്‍ക്കാറിനെ പിണക്കേണ്ടതില്ലന്ന നിലപാടാണ് മാണിക്ക് ഇപ്പോഴുള്ളത്. ഈ നിലപാട് ചെങ്ങന്നൂരില്‍ ഇടതിന് ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലിലാണ് സി.പി.എം.1.88 ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ അറുപതിനായിരത്തോളം വരുന്ന ക്രിസ്ത്യന്‍ വോട്ടുകള്‍ ഏറെ നിര്‍ണ്ണായകമാണ്.മാണിയുടെ കേരള കോണ്‍ഗ്രസ്സ് ഇവിടെ വലിയ സ്വാധീനം അവകാശപ്പെടുന്നുണ്ട്. മാത്രമല്ല സഭയുമായുള്ള മാണിയുടെ ബന്ധവും ഉപയോഗപ്പെടുത്താമെന്നതാണ് ഇടത് ക്യാംപ് കരുതുന്നത്.

അപകടം മുന്നില്‍ കണ്ട് കേരള കോണ്‍ഗ്രസ്സിനെ പിളര്‍ത്തി ജോസഫ് ഗ്രൂപ്പിനെ തങ്ങളോടൊപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ്സ് നീക്കം.സമ്മര്‍ദ്ദം ഏറിയാല്‍ മാണിക്ക് സമദൂര നിലപാടെങ്കിലും സ്വീകരിക്കേണ്ടി വരുമെന്നും അത് ‘ആശ്വാസ’മാകുമെന്നുമാണ് കോണ്‍ഗ്രസ്സ് നേതൃത്വം കരുതുന്നത്.അതേ സമയം ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ഭൂരിപക്ഷ ഹിന്ദു വോട്ടുകളില്‍ വലിയ സ്വാധീനമുള്ള നായര്‍ വിഭാഗത്തെ കൂടെ നിര്‍ത്താനും രാഷ്ട്രീയ നേതൃത്യങ്ങള്‍ തിരക്കിട്ട ശ്രമം ആരംഭിച്ചു കഴിഞ്ഞു.

ബി.ജെ.പി കഴിഞ്ഞ തവണ നേടിയ 42,682 വോട്ടാണ് ഇടതിന്റെയും വലതിന്റെയും ഉറക്കം കെടുത്തുന്നത്.
ത്രിപുരയില്‍ സംഭവിച്ചത് പോലെ ഒരട്ടിമറി വിജയം ബി.ജെ.പിക്ക് കേരളത്തില്‍ ഉണ്ടായാല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന തിരിച്ചറിവ് ഇരുമുന്നണികള്‍ക്കുമുണ്ട്. അത് കൊണ്ട് തന്നെ ജാഗ്രതയോടെയാണ് ഓരോ നീക്കങ്ങളും.ണ്ഡലത്തില്‍ 10,000 മുസ്ലീം വോട്ടുകളാണ് ഉള്ളത് ഈ മേഖലകളില്‍ മുസ്ലീം നേതാക്കളെ പ്രത്യേകം രംഗത്തിറക്കും.

സര്‍വ സന്നാഹങ്ങളുമായി ത്രിപുര നല്‍കിയ ആത്മവിശ്വാസത്തോടെ എത്തുന്ന ബി.ജെ.പിക്ക് കീഴെ മൂന്നാം സ്ഥാനത്ത് എത്തേണ്ട സാഹചര്യം പോലും ഇടതും വലതും ഏറെ ഭയക്കുന്നുണ്ട്.ബി.ജെ.പിയാകട്ടെ കഴിഞ്ഞ തവണ ലഭിച്ച വോട്ട് നഷ്ടപ്പെടാതെ നോക്കി കുടുതലായി 11,000 വോട്ട് പിടിച്ചാല്‍ മണ്ഡലം പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ പോകുന്നത്.

ത്രിപുരയില്‍ അന്‍പത് പേര്‍ക്ക് ഒരാള്‍ എന്ന നിലയിലായിരുന്നു പ്രവര്‍ത്തനമെങ്കില്‍ ചെങ്ങന്നൂരില്‍ 25 പേര്‍ക്ക് ഒരു പ്രവര്‍ത്തകന്‍ എന്ന രൂപത്തിലായിരിക്കും പ്രവര്‍ത്തനമെന്നാണ് സൂചന. അല്‍ഫോണ്‍സ് കണ്ണന്താനത്തെ ക്രിസ്ത്യന്‍ മേഖലകളില്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *