തമിഴ്‌നാട് സ്വദേശി മുരുകന്‍ കേരളത്തില്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ചികിത്സസ കിട്ടിയില്ലെങ്കില്‍ രോഗി മരിക്കുമെന്നറിഞ്ഞിട്ടും ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ തയ്യാറായില്ലെന്നും ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൈകൊണ്ടില്ലെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
പ്രഥമ ദൃഷ്ട്യാ ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യ കേസ് നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ പ്രതികളായ ഡോക്ടര്‍മാര്‍ക്കെതിരെ എന്തെല്ലാം വകുപ്പുകള്‍ നിലനില്‍ക്കുമെന്നതിന് നിയമോപദേശം തേടിയിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.

ഗുരുതരാവസ്ഥയിലായിരുന്ന മുരുകനെ ന്യൂറോ വിഭാഗത്തിലെ പ്രധാന ഡോക്ടറുണ്ടായിട്ടും പിജി ഡോക്ടറുടെയടുത്തോക്കാണ് പരിശോധനക്കയച്ചത്. പ്രാഥമിക പരിശോധനയില്‍തന്നെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ബോധ്യപ്പെട്ടിട്ടും രണ്ടര മണിക്കൂര്‍ ചികിത്സക്ക് ഡോക്ടര്‍മാര്‍ സൗകര്യമൊരുക്കിയിരുന്നില്ല.
എന്നാല്‍ വെന്റിലേറ്ററില്ലാത്തത് കൊണ്ടാണ് ചികിത്സിക്കാന്‍ പറ്റാത്തതെന്ന മെഡിക്കല്‍ കോളജിന്റെ വാദം പോലീസ് തള്ളിക്കളഞ്ഞു. മുരുകനെ ആശുപത്രിയിലെത്തിച്ച സമയത്തുണ്ടായിരുന്നതും ഉപയോഗത്തിലുണ്ടായിരുന്നതുമായ വെന്റിലേറ്ററുകളുടെ കണക്ക് ഹാജറാക്കാന്‍ മെഡിക്കല്‍ കോളജിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.
കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ മുരുകന് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മുരുകന്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു വിഷയം അന്വേഷിച്ച മെഡിക്കല്‍ കോളജ് ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.













