ചാമ്പ്യന്‍സ് ട്രോഫി: ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍

ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍. ബംഗ്ലാദേശ് ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 59 പന്തുകള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. 11-ാം ഏകദിന സെഞ്ചുറി കുറിച്ച ഓപ്പണര്‍ രോഹിത് ശര്‍മയുടെ (123*) പ്രകടനം നിറം ചാര്‍ത്തിയ ഇന്ത്യന്‍ ഇന്നിങ്‌സില്‍, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും അര്‍ധസെഞ്ചുറി (96*) കുറിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍.

സ്‌കോര്‍: ബംഗ്ലദേശ് – നിശ്ചിത 50 ഓവറില്‍ ഏഴിന് 264. ഇന്ത്യ – 40.1 ഓവറില്‍ രണ്ടിന് 265.

ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 14.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയിട്ടു. ധവാന്‍ 46 റണ്‍സില്‍ നില്‍ക്കെ മുഷ്റഫ് മുര്‍തെസെയാണ് ആ കൂട്ടുകെട്ട് പൊളിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സടിച്ചു. മൂന്നാം വിക്കറ്റില്‍ തമീം ഇഖ്ബാലും മുഷ്ഫിഖുര്‍ റഹ്മാനും ചേര്‍ന്ന് നേടിയ സെഞ്ചുറി കൂട്ടുകെട്ട് ബംഗ്ലാദേശിന് അടിത്തറ നല്‍കിയെങ്കിലു പിന്നീട് വന്ന മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ വലിയ സ്‌കോര്‍ കണ്ടെത്തുന്നതില്‍ പരാജയമായതോടെയാണ് ബംഗ്ലാദേശിന്റെ സ്‌കോര്‍ 264 ല്‍ ഒതുങ്ങിയത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കേദാര്‍ ജാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

31 റണ്‍സെടുക്കുന്നതിനിടയില്‍ രണ്ട് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ തമീം മുഷ്ഫുഖിറും ചേര്‍ന്ന് 150 റണ്‍സ് കടത്തുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ഇരുവരും 123 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 82 പന്തില്‍ ഏഴു ഫോറും ഒരു സിക്സുമടക്കം തമീം ഇഖ്ബാല്‍ 70 റണ്‍സടിച്ചപ്പോള്‍ മുഷ്ഫിഖുര്‍ 85 പന്തില്‍ നിന്ന് 61 റണ്‍സ് നേടി. ടൂര്‍ണമെന്റില്‍ മൂന്നാം അര്‍ധസെഞ്ചുറിയാണ് തമീം പിന്നിട്ടത്. തുടക്കത്തില്‍ ഭുവനേശ്വറാണ് വിക്കറ്റ് വീഴ്ത്തിയതെങ്കില്‍ പിന്നീട് കേദര്‍ ജാദവും രവീന്ദ്ര ജഡേജയും ബുംറയും വിക്കറ്റുകള്‍ വീഴ്ത്തി. ഭുവനേശ്വര്‍, ജാദവ്, ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജഡേജ ഒരു വിക്കറ്റ് നേടി.

ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കഴിഞ്ഞ മല്‍സരത്തില്‍ വിജയിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍, കിവീസിനെ തോല്‍പ്പിച്ച അതേ ടീമിനെ ബംഗ്ലദേശും നിലനിര്‍ത്തി.

ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയമറിയാതെ കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ സെമിയില്‍ അട്ടിമറിച്ച് പാകിസ്താന്‍ നേരത്തെ തന്നെ ഫൈനലിന് യോഗ്യത നേടിയിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *