ചാക്കോയെ വെറുതെ വിട്ടത് ശരിയായില്ല; കണ്ണീരോടെ കെവിന്റെ അച്ഛൻ


കോട്ടയം:നീനുവിന്റെ പിതാവ് ചാക്കോ ജോണിനെ വെറുതെവിട്ട വിധിയില്‍ നിരാശയുണ്ടെന്ന് കെവിന്റെ പിതാവ് ജോസഫ്. കെവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ചാക്കോയാണെന്നും ജോസഫ് ആരോപിച്ചു. ചാക്കോയെ വെറുതെ വിട്ടത് ശരിയായില്ല. അയാള്‍ കുറ്റക്കാരന്‍ തന്നെയാണ്. വെറുതെ വിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കും. ഫോണില്‍ വിളിച്ച്‌ എല്ലാം ചെയ്യിച്ചത് അയാളാണ്. ചാക്കോയ്ക്ക് ശിക്ഷയില്ലെന്ന് പറയുന്നത് ഏറ്റവും വലിയ സങ്കടമാണ് കെവിന്റെ പിതാവ് നിരാശയോടെ മാധ്യമങ്ങളോട് കോടതി വിധിക്ക് ശേഷം പ്രതികരിച്ചത് ഇങ്ങനെ.


ദുരഭിമാന കൊലയാണെന്ന് കണ്ടെത്തിയത് ഉചിതമായി. എല്ലാവര്‍ക്കും ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. നാലു പേരെ വെറുതെ വിട്ടതില്‍ നിരാശയുണ്ടെന്നും ജോസഫ് പറഞ്ഞു.
കേസിലെ അഞ്ചാം പ്രതി ചാക്കോ ജോണ്‍, 10ാം പ്രതി അപ്പുണി എന്ന വിഷ്ണു, 13ാം പ്രതി ഷിനു , 14ാം പ്രതി റമീസ് എന്നിവരെയാണ് വെറുതെവിട്ടത്. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ അടക്കം 10 പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കേസില്‍ കുറ്റം തെളിഞ്ഞവരുടെ ശിക്ഷ കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതി ശനിയാഴ്ച പ്രഖ്യാപിക്കും.


കെവിന്റേത് ദുരഭിമാന കൊലയാണെന്ന് കോടതി നിരീക്ഷിച്ചു. സാനു ചാക്കോ, നിയാസ് മോന്‍, ഷാന്‍ ഇസ്മായില്‍, ഇഷാന്‍, മനു, ഷിഫിന്‍, നിഷാദ്, ഷാനു,ഫാസില്‍, ഷാജഹാന്‍ തുടങ്ങിയ പത്തുപേരാണ് കേസിലെ പ്രതികള്‍.



Sharing is Caring