ലോ അക്കാദമിയില്‍ കഴിഞ്ഞ 28 ദിവസമായി നടന്നു വന്നിരുന്ന വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് വിദ്യാഭ്യാസമന്ത്രിയും മാനേജ്മെന്റ് പ്രതിനിധികളും ഒപ്പുവച്ച് കരാറുണ്ടാക്കിയാണ് സമരം തീര്‍ത്തത്.
പുതിയ കരാര്‍ പ്രകാരം ലക്ഷ്മി നായര്‍ക്ക് പകരം വരുന്ന പ്രിന്‍സിപ്പലിന് കാലാവധി ഉണ്ടാകില്ലെന്നതാണ് കരാറിലെ ഏറ്റവും പ്രധാന വ്യവസ്ഥ. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാകും പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കുക. തിങ്കളാഴ്ച്ച മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഉറപ്പില്‍ നിന്നും മാനേജ്മെന്റ് പിന്മാറിയാല്‍ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിക്ക് ഇടപെടാമെന്നും വ്യവസ്ഥയുണ്ട്. മാനേജ്മെന്റിന്റെ തീരുമാനം വിദ്യാര്‍ത്ഥിസമരത്തിന്റെ വിജയമാണെന്ന് എബിവിപി പറഞ്ഞു.

എസ്.എഫ്.ഐ ഒഴിച്ചുളള എല്ലാ വിദ്യാര്‍ത്ഥിസംഘടനകളും സമരരംഗത്തുണ്ടായിരുന്നു. സമരം ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷം സമരക്കാരോടു കൂടി ചേര്‍ന്ന എസ്.എഫ്.ഐ ഇടയ്ക്കുവച്ച് മാനേജ്മെന്റിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ക്കു വഴങ്ങി സമരം അവസാനിപ്പിച്ചു പിന്‍മാറുകയായിരുന്നു.
അക്കാദമി വളപ്പില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ്, കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ നിരാഹാരം അനുഷ്ഠിച്ചു വരികയായിരുന്നു. നേരത്തേ നിരാഹാരം അനുഷ്ഠിച്ചിരുന്ന ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം വി.മുരളീധരനെ ആരോഗ്യനില മോശമായതിനേത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കേരളം കണ്ട ഏറ്റവും വലിയ വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ അതിക്രമങ്ങളില്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.പി വാവയ്ക്കു കാഴ്ച്ചശക്തി നഷ്ടമാവുകയും, ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. പോലീസ് നടത്തിയ അതിക്രമത്തില്‍ ബിജെപി നേതാവ് കെ.സുരേന്ദ്രനടക്കം നിരവധിപ്പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശക്തമായി വന്ന പ്രക്ഷോഭം സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് പ്രശ്‌നപരിഹാരത്തിന് സംസ്ഥാനസര്‍ക്കാര്‍ തയ്യാറായത്













