ചരിത്ര നിമിഷം, മൂന്നാം വട്ടവും എന്‍ഡിഎയില്‍ വിശ്വാസം അര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി: നരേന്ദ്ര മോദി


മൂന്നാം തവണയും എന്‍ഡിഎയ്ക്ക് വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിതെന്നും ജനങ്ങളുടെ സ്നേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.


ജനങ്ങള്‍ എന്‍ഡിഎയില്‍ മൂന്നാം വട്ടവും വിശ്വാസം അര്‍പ്പിച്ചു. ഇതൊരു ചരിത്രനേട്ടമാണ്. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടത്തിവന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പ് നല്‍കുന്നു. കഠിനാധ്വാനംചെയ്ത പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. അവര്‍ നടത്തിയ പ്രവര്‍ത്തനത്തിന് നന്ദി പറയാന്‍ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.


ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍നിന്ന് പ്രധാനമന്ത്രി മോദി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. എന്നാല്‍ മോദിയുടെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞു. ഇത്തവണ 1,52,513 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് മോദിക്ക് ലഭിച്ചത്. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആയിരുന്നു മോദിയുടെ എതിരാളി.



Sharing is Caring