കോലാലമ്പൂര്‍: മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയവമായി മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ്. ഭരണ സഖ്യമായ ബാരിസണ്‍ നാസണലിന്റെ 60 വര്‍ഷത്തെ ഭരണത്തിനാണ് പ്രതിപക്ഷ സഖ്യമായ പകാതന്‍ ഹാരപ്പന്‍ വിരാമമിട്ടത്.
222 അംഗ മലേഷ്യന്‍ പാര്‍ലമെന്റില്‍ 112 സീറ്റുകള്‍ നേടിയാണ് മഹാതിര്‍ സഖ്യം വിജയിച്ചത്. 1957 സ്വാതന്ത്രാനന്തര കാലം തൊട്ട് അധികാരത്തില്‍ തുടരുന്ന ബാരിസന്‍ നാസണലിന് 76 സീറ്റുകള്‍ മാത്രമാണ് നേടാനായത്. പ്രധാനമന്ത്രി നജീബ് റസാഖിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിക്കൊണ്ടാണ് മഹാതിര്‍ സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങളുടെ വിധി മാനിക്കുന്നതായി നജീബ് പറഞ്ഞു.

വ്യാഴാഴ്ച മഹാതിര്‍ സഖ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. 92 കാരനായ അദ്ദേഹം ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയാകും. 1981 മുതല്‍ 2003 വരെ മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന മഹാതിര്‍ തന്റെ 78-ാം വയസ്സിലാണ് 22 വര്‍ഷം നീണ്ട ഭരണത്തിന് വിരാമമിട്ട് സ്വയം വിരമിച്ചത്. 2016 ലാണ് അദ്ദേഹം പ്രതിപക്ഷ സഖ്യത്തില്‍ ചേരുന്നത്.













