ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കണ്ണൂരിലെത്തും.ജസ്റ്റിസ് സി എന്‍ രാമചന്ദൻ, മുൻ ഡിജിപി ജേക്കബ്ബ് പുന്നൂസ് എന്നിവരടങ്ങുന്നതാണ് സമിതി. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദർശനത്തില്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥരുടെയടക്കം മൊഴിയെടുക്കും.
ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നിർദേശം നല്‍കിയത് മുഖ്യമന്ത്രിയാണ്.ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ ജയിലില്‍ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിരുന്നു.

ഷൊർണൂരില്‍ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമി കണ്ണൂർ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ജയില്‍ ചാടിയത്.
ആറ് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഇയാളെ പിടിച്ചത്.













