ഗോരഖ്പൂര്‍: കഫീല്‍ ഖാന്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെ എഫ്‌ഐആര്‍


ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ എഫ്‌ഐആര്‍. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തടസപ്പെടുന്ന വിധം സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തിയതിനും അഴിമതിക്കുമാണ് കേസ്. മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ രാജീവ് മിശ്ര, ഡോ. പൂര്‍ണ്ണിമ ശുക്ല, ഡോ.കഫീല്‍ ഖാന്‍, ഓക്‌സിജന്‍ വിതരണത്തിന് ചുമതലയുണ്ടായിരുന്ന പുഷ്പ സെയില്‍സ് സ്ഥാപന ഉടമ മനീഷ് ഭണ്ഡാരി ഓഡിറ്റ് വിഭാഗത്തിലെ ഉദയ് പ്രതാപ്, ക്ലര്‍ക്കുമാരായ സഞ്ജയ്, സുധീര്‍, ചീഫ് ഫാര്‍മസിസ്റ്റ് ഗജാനന്‍ ജൈസ്വാള്‍, അനസ്തീഷ്യ വിഭാഗത്തിന്റെയും ഓക്‌സിജന്‍ വിതരണ വിഭാഗത്തിന്റെയും ചുമതലയുണ്ടായിരുന്ന ഡോ.സതീഷ് എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍.


മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഐപിസി സെക്ഷന്‍ 420, 308, 120 ബി, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സെക്ഷന്‍ 15 ഉം ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഗോരഖ്പൂര്‍ ആശുപത്രിയിലെ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉന്നത തല സമതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.



Sharing is Caring