രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എം.എല്‍.എമാരെ വലിച്ചുകൊണ്ടുപോവുന്ന ബി.ജെ.പി നീക്കത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നടപടി. ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരെ തങ്ങള്‍ക്ക് ഭരണമുള്ള കര്‍ണാടകയിലെ ബെംഗളൂരുവില്‍ എത്തിച്ചിരിക്കുകയാണിപ്പോള്‍.
ഇന്നലെ രാത്രി വൈകിയാണ് 44 എം.എല്‍.എമാരെ ബെംഗളൂരുവിലെത്തിച്ചത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ആറ് എം.എല്‍.എമാര്‍ രാജിവയ്ക്കുകയും മൂന്നു പേര്‍ ബി.ജെ.പിയില്‍ ചേരുകയും ചെയ്ത സംഭവത്തേത്തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ നടപടി.

ഓഗസ്റ്റ് എട്ടിനു നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് അഹമ്മദ് പാട്ടേലിനെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി വ്യാപകമായി എം.എല്‍.എമാരെ ചാക്കിലാക്കാന്‍ തുടങ്ങിയത്. എം.എല്‍.എ പൊലിസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി ബി.ജെ.പിയില്‍ ചേര്‍ത്തിയെന്നും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചിരുന്നു.
ഗുജറാത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരെയാണ് ഇപ്പോള്‍ ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ഇവര്‍ എളുപ്പത്തില്‍ ജയിച്ചുകയറുകയും ചെയ്യും. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി അഹമ്മദ് പാട്ടേലിനെ മൂന്നാമത്തെ സീറ്റില്‍ ജയിപ്പിച്ചെടുക്കാന്‍ കോണ്‍ഗ്രസിനുമാവും. ഇതു തടയാനാണ് ബി.ജെ.പി കുതിരക്കച്ചവടം കൊഴുപ്പിക്കുന്നത്.













