അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ ബി.ജെ.പി എം.എല്‍.എ ജയന്തിലാല്‍ ഭാനുശാലി ട്രെയിന്‍ യാത്രക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്നലെ രാത്രി ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് സായിജി നഗ്രി എക്സ്പ്രസില്‍ പോകുമ്പോഴായിരുന്നു ആക്രമണം. കട്ടാരിയസുര്‍ബാരി എന്നീ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ചാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. ജയന്തിലാല്‍ എസി കോച്ചിലായിരുന്നു യാത്ര ചെയ്തിരുന്നത്. തലയിലും കണ്ണിലുമാണ് വെടിയേറ്റത്.സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ മാലിയ സ്റ്റേഷനില്‍ നിര്‍ത്തുകയും സ്റ്റേഷന് അധികാരികള്‍ പൊലിസില്‍ വിവരമറിയിക്കുകയും ചെയ്തു. അബ്ദാസ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ജയന്തിലാലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്തെത്തിയതിനെത്തുടര്‍ന്ന് ഇദ്ദേഹം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. ഫാഷന്‍ ഡിസൈനിങ്ങ് കോളജില്‍ പ്രവേശനം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ നിരവധി തവണ പീഡിപ്പിച്ചുവെന്നായിരുന്നു സുറത്ത് സ്വദേശിനിയായ 21കാരിയുടെ ആരോപണം.












