ഗീതാ ഗോപിനാഥിന്റെ നിയമനം; മുഖ്യമന്ത്രിയെ പ്രശംസിച്ച് ജെയ്റ്റ്‌ലി


മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെ കേന്ദ്ര ധനന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രശംസിച്ചു. പുതിയ ആശയങ്ങള്‍ കടന്നുവരാന്‍ ഇത് ഉപകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചക്കു ശേഷം പുറത്തേക്ക് വന്ന മുഖ്യമന്ത്രിയെ യാദൃശ്ചികമായി കണ്ട ജെയ്റ്റ്‌ലി പറഞ്ഞു.


അതേസമയം നിയമനം പുനപരിശോധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വലതുപക്ഷ സ്വാധീനം സര്‍ക്കാരിന് വര്‍ദ്ധിക്കുമ്പോഴാണ് വിമര്‍ശിക്കേണ്ടതെന്നും നിരവധി പേരില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമനത്തിന് എതിരെ വിഎസ് പാര്‍ട്ടിക്ക് കത്തു നല്‍കിയിരുന്നു.


ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിലൊരാളാണ് ഗീതാഗോപിനാഥ്. അവരുടെ കഴിവിനെപ്പറ്റി ആര്‍ക്കും ആക്ഷേപം ഉന്നയിക്കാനും സാധിക്കുന്നില്ല. ഇടതുപക്ഷ സാമ്പത്തിക വിദഗ്ധരില്ലാത്തതിനാലല്ല ഗീതാഗോപിനാഥിനെ ആ സ്ഥാനത്ത് നിയമിച്ചത്. ആഗോള സാഹചര്യങ്ങള്‍ കൂടി തിരിച്ചറിഞ്ഞ് നയങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടതിന് കൂടുതല്‍ വിദഗ്ധയായ വ്യക്തികളെ സര്‍ക്കാരിനാവശ്യമുണ്ട്, പിണറായി പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.



Sharing is Caring