കുവൈത്ത് സിറ്റി: ഗാര്‍ഹികത്തൊഴിലാളി നിയമനം സംബന്ധിച്ച് ഇന്ത്യ-കുവൈറ്റ് ധാരണാപത്രം ബുധനാഴ്ച കുവൈറ്റില്‍ ഒപ്പുവയ്ക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ കുവൈറ്റ് സന്ദര്ശനത്തോടനുബന്ധിച്ചാണിത്. കഴിഞ്ഞ ഏപ്രിലിലെ ഇന്ത്യ-കുവൈത്ത് ഗ്രൂപ്പിന്റെ ആറാമതു യോഗത്തിലാണു ഗാര്‍ഹികത്തൊഴിലാളി കരാറിന് ഇരുവിഭാഗവും അംഗീകാരം നല്‍കിയത്. 2014 മുതല്‍ തീരുമാനമാകാതിരുന്ന കരാറിന് ഈ യോഗത്തിലാണു ജീവന് വച്ചത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു ഗാര്‍ഹികത്തൊഴിലാളികളെ കൊണ്ടുവരുന്നതിനു കുവൈറ്റിനു താല്പര്യമുണ്ട്. അതിന്റെ ഭാഗമായി കുവൈറ്റ് സാമൂഹികതൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി വി.കെ.സിങ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. കുവൈറ്റിലെ ഇന്ത്യക്കാര്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ മന്ത്രി സുഷമ സ്വരാജിന്റെ സന്ദര്‍ശനവേളയില്‍ ചര്‍ച്ചയാകുമെന്നാണു സൂചന.

അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് എന്നിവരുമായും മന്ത്രി സുഷമ സ്വരാജ് ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ഇന്ത്യയില്‍നിന്നു നേരിട്ടുള്ള റിക്രൂട്മെന്റ് സംബന്ധിച്ച നടപടികളിലും തീരുമാനമാകാനുണ്ട്. ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ സമൂഹ പ്രതിനിധികളെ മന്ത്രി സുഷമ സ്വരാജ് അഭിസംബോധന ചെയ്യും.













