ഗവാസ്‌കറെ മര്‍ദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ധ ഹൈക്കോടതിയില്‍


കൊച്ചി: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ ഹൈക്കോടതിയില്‍. കേസില്‍ താന്‍ നിരപരാധിയാണ്. ഇരയായ തന്നെയാണ് കേസില്‍ പ്രതിയാക്കിയിരിക്കുന്നതെന്നും കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്‌നിഗ്ധ ഹര്‍ജി നല്‍കിയത്.


സ്‌നിഗ്ധയുടെ ഹര്‍ജി ഹൈക്കോടിതി ഇന്ന് തന്നെ പരിഗണിക്കും. ഉച്ചയ്ക്കുശേഷമാണ് ഹര്‍ജി പരിഗണിക്കുന്നത്. ജൂണ്‍ 14നാണ് സ്‌നിഗ്ധ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പോലീസില്‍ പരാതി നല്‍കിയത്. കനകക്കുന്നില്‍ പ്രഭാത നടത്തത്തിനായി എഡിജിപിയുടെ ഭാര്യയെയും സ്‌നിഗ്ധയെയും കൊണ്ടു പോയിരുന്നുവെന്നും അവിടെവച്ച്‌ സ്‌നിഗ്ധ മര്‍ദിച്ചുവെന്നുമാണ് ഗവാസ്‌കറുടെ പരാതി.


ഗവാസ്‌കറോട് പിതാവ് ജോലിക്കു വരരുതെന്ന് ജൂണ്‍ 13 നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജൂണ്‍ 14ന് ഗവാസ്‌കര്‍ ഔദ്യോഗിക വാഹനവുമായി ജോലിക്കെത്തിയെന്നും തിരികെ ഓഫീലേക്കു പോകുന്ന വഴി തന്നെയും അമ്മയേയും കനകക്കുന്നില്‍ വിടാന്‍ പിതാവ് നിര്‍ദേശിച്ചിരുന്നു.തങ്ങളെ കനകക്കുന്നില്‍ ഇറക്കിയശേഷം ഗവാസ്‌കര്‍ മടങ്ങി പോയില്ലെന്നും തന്റെ കാലിലൂടെ പിതാവിന്റെ ഔദ്യോഗിക കാര്‍ കയറ്റിയിറക്കിയെന്നും കൈയില്‍ കയറിപ്പിടിച്ചെന്നും അപമാനിച്ചെന്നും സ്‌നിഗ്ധ ഹര്‍ജിയില്‍ പറയുന്നു. സംഭവത്തില്‍ സ്‌നിഗ്ധയും ഗവാസ്‌കറിനെതിരെ പരാതി നല്‍കിയിരുന്നു. ഇരുവരുടെയും പരാതിയില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.



Sharing is Caring