ഗള്‍ഫ് രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചു; ഖത്തര്‍ ഒറ്റപ്പെട്ടു


കരര്‍ക്ക് സഹായം നല്‍കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ, ഈജിപ്ത്,യുഎഇ, ബഹ്‌റൈന്‍, യെമന്‍, മാലദീപ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചു. ഇതിനു പുറമേ ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് ലിബിയ അടക്കമുള്ള ചില രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ലോകരാജ്യങ്ങള്‍ക്ക് ഇത് തിരിച്ചടിയായേക്കാം. ഗള്‍ഫിലുള്ള മൂന്നു ലക്ഷം മലയാളികളടക്കമുള്ള ഇന്ത്യാക്കാര്‍ ആശങ്കയിലാണ്.


ഈ രാജ്യങ്ങള്‍ ഖത്തറിന്റെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി, സ്വന്തം പ്രതിനിധികളെ പിന്‍വലിച്ചു. ഇവിടങ്ങളിലുള്ള ഖത്തറികള്‍ രണ്ടാഴ്ചക്കകം നാടുവിടണം.
ലോകത്തെ ഏറ്റവും വലിയ ഭീകരസംഘടനകളായ മുസ്ലീം ബ്രദര്‍ഹുഡിനും അല്‍ഖ്വയ്ദക്കും ഐഎസിനും ഖത്തര്‍ സഹായം നല്‍കുന്നുവെന്നാണ് ആരോപണം. ഇറാന്റെ രഹസ്യ അജണ്ടകളെ ഖത്തര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും എതിര്‍പക്ഷം പറയുന്നു.


ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള ഗതാഗത ബന്ധവും ഉപേക്ഷിച്ചു. ഇനി ഈ രാജ്യങ്ങള്‍ക്കും ഖത്തറിനുമിടക്ക് റോഡ്, കടല്‍, വിമാന ഗതാഗതം ഉണ്ടാവില്ല. യെമനില്‍ ഭീകരര്‍ക്ക് എതിരെ പോരാടുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ നിന്ന് ഖത്തറിനെ പുറത്താക്കിയിട്ടുമുണ്ട്.

ബന്ധം വിച്ഛേദിച്ചത് ഗള്‍ഫ് മേഖലയില്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കും. അബുദബിയുടെ എത്തിഹാദ് എയര്‍വെയ്‌സും യുഎഇയുടെ എമിറേറ്റ്‌സും ഖത്തറിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിതായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതായി ഖത്തര്‍ എയര്‍വെയ്‌സും അറിയിച്ചു.

2014ല്‍ ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം അല്പകാലത്തേക്ക് തകര്‍ന്നിരുന്നു. അന്ന് സൗദിയും ബഹ്‌റൈനും യുഎഇയും ഖത്തറില്‍ നിന്ന് തങ്ങളുടെ നയതന്ത്രപ്രതിനിധികളെ പിന്‍വലിച്ചു. എന്നാല്‍ രാജ്യങ്ങളില്‍ നിന്ന് ഖത്തറികളെ പുറത്താക്കിയിരുന്നില്ല, യാത്രാസര്‍വ്വീസുകള്‍ നിര്‍ത്തിയിരുന്നില്ല.

പത്തു ദിവസം മുന്‍പാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിയാദില്‍ എത്തി മുസ്‌ളീം രാജ്യങ്ങള്‍ ഭീകരര്‍ക്ക് എതിരെ ഒന്നിക്കാന്‍ ആഹ്വാനം ചെയ്തത്. ഭീകരരെ സഹായിക്കുന്ന രാജ്യം ഇറാനാണെന്ന് ട്രംപ് ആരോപിക്കുകയും ചെയ്തിരുന്നു.

ഭീകരബന്ധം ആരോപിച്ച് തങ്ങള്‍ക്ക് എതിരെ കൈക്കൊണ്ട നടപടി അനീതിയാണെന്ന് ഖത്തര്‍. ഇതിന് അവര്‍ക്ക് അധികാരമില്ല, ഭരണകൂടം പത്രക്കുറിപ്പില്‍ പറയുന്നു.



Sharing is Caring