ഖഷോഗി വധം, സൗദി ഭരണകൂടത്തെ കൈവിടില്ലെന്ന് ട്രംപ്


വാഷിംഗ്ടണ്‍: സൗദി മാദ്ധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന്റെ പേരില്‍ സൗദി ഭരണകൂടത്തെ കൈവിടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദിയുമായി സൗഹൃദത്തിലായിരിക്കുമെന്നും, തന്ത്രപരമായ സഖ്യം നിലനിര്‍ത്തുകയും ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി. ആഗോള എണ്ണവില പിടിച്ചുനിര്‍ത്തേണ്ടത് അമേരിക്കയുടെ പ്രഥമ താല്‍പര്യമാണെന്നും അദ്ദേഹം പറ‌ഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അറിവോടെയാകാം ഖഷോഗി വധിക്കപ്പെട്ടതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതില്‍ കടുത്ത നടപടി വേണമെന്ന് ഭരണ-പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.


എന്നാല്‍, ഈ ആവശ്യങ്ങളെ തള്ളിയാണ് ട്രംപ് സൗദി അനുകൂല നിലപാട് പരസ്യമാക്കിയത്. സൗദിയുമായുള്ള സൈനിക കരാര്‍ റദ്ദാക്കില്ലെന്നും യു.എസ് പിന്‍മാറിയാല്‍ റഷ്യയും, ചൈനയും മുതലാക്കുമെന്നും ട്രംപ് പറഞ്ഞു. സൗദി കോണ്‍സുലേറ്റില്‍ ഖഷോഗി വധിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് 17 സൗദി പൗരന്‍മാര്‍ക്ക് യു.എസ് കഴിഞ്ഞയാഴ്‌ച വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.




Sharing is Caring