ഖത്തറില്‍ സമ്മര്‍ ഫെസ്‌റ്റിവലിന് തുടക്കം


ദോഹ: ചെറിയ പെരുന്നാള്‍ പ്രമാണിച്ച്‌ ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യുടിഎ) പ്രഖ്യാപിച്ച സമ്മര്‍ ഫെസ്‌റ്റിന് തുടക്കമായി. സമ്മര്‍ ഫെസ്‌റ്റിവലില്‍ പ്രമുഖ ഹോട്ടലുകള്‍, ഷോപ്പിങ്‌ മാളുകള്‍, ആസ്‌പയര്‍ സോണ്‍, കത്താറ കള്‍ച്ചറല്‍ വില്ലേജ്‌, ദോഹയിലെയും അല്‍ വക്രയിലെയും സൂഖ്‌ വാഖിഫുകള്‍ എന്നിവയെല്ലാം പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സമ്മര്‍ ഫെസ്‌റ്റിവലിന് തുടക്കമായത്.സമ്മര്‍ ഫെസ്‌റ്റിനൊപ്പം റഷ്യയില്‍ ഫിഫ ഫുട്‌ബോള്‍ മത്സരം കൂടി നടക്കുന്നതിനാല്‍ ഖത്തറിലെ വിവിധ ഫാന്‍ സോണുകളില്‍ കാല്‍പന്തിന്റെ ആവേശവും ഇരട്ടിയായിട്ടുണ്ട്‌.


സമ്മര്‍ ഫെസ്‌റ്റിവലില്‍ കുട്ടികള്‍ക്കായി മിനി മൃഗശാല, ഡ്രൈവിങ്‌ സ്‌കൂള്‍, വിര്‍ച്വല്‍ റിയാലിറ്റി ഗെയിമുകള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. വിവിധ രുചികള്‍ വിളമ്പുന്ന ഫുഡ്‌ കോര്‍ട്ടുകള്‍, ഷോപ്പിങ്ങിനായി പ്രത്യേകം സൂഖുകള്‍, തല്‍സമയ കലാപരിപാടികള്‍, ഒട്ടേറെ റൈഡുകള്‍ എന്നിവയും സജ്‌ജമാക്കിയിട്ടുണ്ട്‌. മിനി മൃഗശാലയില്‍ കുതിരകള്‍, വര്‍ണത്തത്തകള്‍, കങ്കാരു തുടങ്ങി പക്ഷികളും മൃഗങ്ങളുമായി 20 ഇനങ്ങളുണ്ട്‌. 15 വ്യത്യസ്‌ത റൈഡുകളാണ്‌ ഇത്തവണ ഉണ്ടാവുക. ഡ്രൈവിങ്‌ സ്‌കൂളിലെ ചെറിയ വാഹനങ്ങളില്‍ കുട്ടികള്‍ക്കു ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങളും സിഗ്നല്‍, ട്രാഫിക്‌ നിയമങ്ങളും പഠിക്കാനാകും. ആദ്യ ദിവസമായ കഴിഞ്ഞ ദിവസം നല്ല ജനത്തിരക്കാണ് ഫെസ്റ്റിവലില്‍ അനുഭവപ്പെട്ടത്.




Sharing is Caring