‘ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ സംഘപരിവാര്‍ പ്രചാരണം’ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍


തിരുവനന്തപുരം: ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളില്‍ പണം ഇടരുതെന്ന സാമൂഹ്യ മാദ്ധ്യമങ്ങളിലെ സംഘപരിവാര്‍ പ്രചാരണം ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1260 ഓളം വരുന്ന ക്ഷേത്രങ്ങളെയും, ജീവനക്കാരും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ 13000 ത്തോളംപേരെയും തകര്‍ക്കാനാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന ക്ഷേത്രങ്ങളെ നന്നാക്കാതെ ശബരിമലയെ മാത്രം നന്നാക്കിയാല്‍ മതിയെന്ന സംഘപരിവാര്‍ നിലപാട് രാഷ്ട്രീയ മുതലെടുപ്പിനായാണ്. പത്മകുമാര്‍ ‘ഫ്ളാഷി’നോട് സംസാരിക്കുന്നു:


എണ്ണം കുറഞ്ഞിട്ടില്ല, ക്രമീകരണം നല്ലത്


ശബരിമല തീര്‍ത്ഥാടനം ഭക്തര്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ കൂടുതല്‍ ക്രമീകൃതമായി നല്ല രീതിയില്‍ മുന്നോട്ട് പോവുകയാണ്. സംഘര്‍ഷമുണ്ടാക്കാന്‍ വരുന്നവര്‍ക്കാണ് ബുദ്ധിമുട്ട്. മണ്ഡലകാലം തുടങ്ങി ഇത്രയും ദിവസം പരിശോധിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് ഭക്തരുടെ എണ്ണം കുറഞ്ഞിട്ടില്ലെന്നാണ് മനസിലാകുന്നത്.

കാരണം പ്രശ്നക്കാര്‍

സംഘപരിവാറുകാര്‍ ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റുന്നതിനാല്‍ ചില ഭക്തന്മാര്‍ അങ്ങോട്ടേയ്ക്ക് തത്കാലത്തേയ്ക്ക് പോവാതിരിക്കുന്നുണ്ട്. ക്ഷേത്രങ്ങളില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ കക്ഷി, രാഷ്ട്രീയ ഭേദമേന്യേ എല്ലാവരും ശ്രമിക്കണം. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നത് പ്രശ്നക്കാര്‍ കാരണമാണ്.

പിള്ള മനസില്‍ കള്ളമില്ല

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള തുറന്ന് പറഞ്ഞത് യുവതീ പ്രവേശനത്തിനെതിരായല്ല, മറിച്ച്‌ കമ്മ്യൂണിസത്തിനെതിരായാണ് അവരുടെ സമരമെന്നാണ്. പിള്ള മനസില്‍ കള്ളമില്ലെന്ന് അതോടെ തെളിഞ്ഞുകഴിഞ്ഞു. ശബരിമലയില്‍ യുവതീ പ്രവേശനം വേണം എന്ന് ദേവസ്വം ബോര്‍ഡ് ഒരിക്കലും നിര്‍ബന്ധം പിടിച്ചിട്ടില്ല. ആര്‍.എസ്.എസ് ഉള്‍പ്പടെയുള്ളവരാണ് യുവതീ പ്രവേശനത്തിനായി ആദ്യം വാദിച്ചത്. എന്നാല്‍ സര്‍ക്കാരിനെതിരായ രാഷ്ട്രീയ മുതലെടുപ്പിനായാണ് ബി.ജെ.പിയും സംഘപരിവാറും നിലപാട് മാറ്റി അക്രമം അഴിച്ച്‌ വിടുന്നത്.

തീരുമാനിക്കുന്നത് ബി.ജെ.പിയല്ല

ബി.ജെ.പിയില്‍ മെമ്ബര്‍ഷിപ്പുണ്ടെങ്കിലേ വിശ്വാസിയാവൂ എന്നാണ് ച്രചാരണം. ആരാണ് ശരിക്കുള്ള ഹൈന്ദവര്‍ എന്ന് തീരുമാനിക്കുന്നത് ബി.ജെ.പിയല്ല. സാവകാശ ഹര്‍ജിയില്‍ പ്രതീക്ഷ പ്രളയംമൂലം ശബരിമലയിലുണ്ടായ പ്രശ്നങ്ങള്‍, തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനും അവിടെയുണ്ടായ പ്രത്യേക അവസ്ഥ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ തുടങ്ങിയ കാര്യങ്ങളാണ് സാവകാശ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡ് ഉന്നയിച്ചിട്ടുള്ളത്. ഹര്‍ജിയില്‍ വലിയ പ്രതീക്ഷയാണുള്ളത്. ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. അതിനെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് നിറുത്തണം.

രണ്ട് ദിവസത്തെ യുവതീ പ്രവേശനം

രണ്ട് ദിവസമായി യുവതീ പ്രവേശനം നിജപ്പെടുത്താമെന്ന ആലോചന ദേവസ്വം ബോര്‍ഡ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. അങ്ങനെ വന്നാല്‍ സര്‍ക്കാരുമായും പന്തളം കൊട്ടാരം പ്രതിനിധികളുമായും തന്ത്രി കുടുംബവുമായും ആലോചിച്ച്‌ മാമ്രേ ചെയ്യൂ.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പോകരുത്

കേന്ദ്രമന്ത്രിയായാലും സംസ്ഥാന മന്ത്രിയായാലും രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് ശബരിമലയില്‍ പോകുന്നതെങ്കില്‍ അത് തെറ്റാണ്. കേന്ദ്രമന്ത്രിമാര്‍തന്നെ സുപ്രീംകോടതി വിധി ലംഘിക്കാന്‍ ഇറങ്ങുന്നു എന്ന തരത്തിലാണ് കാര്യങ്ങള്‍ പോവുന്നത്. എസ്.പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് എയ്രോ മാന്യമായാണ് സംസാരിച്ചത്. എന്നാല്‍ രാജാവിനേക്കാള്‍ തലക്കനം പട്ടാളക്കാരനുണ്ടാകും എന്ന തരത്തില്‍ ഒപ്പമുണ്ടായിരുന്ന ഒരു ബി.ജെ.പി നേതാവ് അദ്ദേഹത്തെ ഭരിക്കാന്‍ ചെന്നപ്പോഴാണ് പ്രശ്നങ്ങളുണ്ടായത്.

ആക്ടിവിസ്റ്റുകളുടെ മലകയറ്റം

ആക്ടിവിസ്റ്റുകളായ ചില യുവതികള്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് മല ചവിട്ടാന്‍ ഒരുങ്ങിയത്. അത്തരക്കാരോട് ദേവസ്വം ബോര്‍ഡിന് വിയോജിപ്പാണ്. ഇത്തരം കാട്ടിക്കൂട്ടലുകള്‍മൂലം സാധാരണക്കാരായ ഭക്തര്‍ക്ക് പ്രശ്നങ്ങളുണ്ടാവരുത്.



Sharing is Caring