ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവന്‍ ജെയിംസ് സതര്‍ലണ്ട് രാജിവെച്ചു


മെല്‍ബണ്‍: പതിനേഴ് വര്‍ഷത്തോളമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചീഫ് എക്‌സിക്യുട്ടീവ് പദം അലങ്കരിച്ച്‌ വരികയായിരുന്ന ജെയിംസ് സതര്‍ലണ്ട് സ്ഥാനം രാജിവെച്ചു. മെല്‍ബണില്‍ ബുധനാഴ്ച രാവിലെ പത്രസമ്മേളനം നടത്തിയാണ് അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്‌. രാജിവെച്ചെങ്കിലും യോജിച്ച പകരക്കാരനെ കണ്ടെത്തുന്നത് വരെ അദ്ദേഹം ഒരു വര്‍ഷം കൂടി സ്ഥാനത്ത് തുടരും.


രണ്ടു മാസം മുമ്ബ് നടന്ന പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെയാണ് സതര്‍ലണ്ടിന്റെ രാജി എന്നതും ശ്രദ്ധേയമാണ്. വിവാദത്തെ തുടര്‍ന്ന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തടക്കമുള്ളവരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. അതേ സമയം തന്റെ രാജിക്ക് പിന്നില്‍ അത്തരം വിവാദങ്ങളൊന്നുമില്ലെന്ന് സതര്‍ലണ്ട് വ്യക്തമാക്കി.


ഇരുപത് വര്‍ഷത്തോളം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. രാജിവെക്കാന്‍ ഇതാണ് ശരിയായ സമയം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനും തനിക്കും ഇതാണ് യോജിച്ച സമയമെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

52-കാരനായ സതര്‍ലണ്ട് 2001-ല്‍ മാല്‍കോം സ്പീഡില്‍ നിന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യുട്ടീവ് സ്ഥാനം ഏറ്റെടുത്തത്.



Sharing is Caring