ക്രിക്കറ്റില്‍ എന്ത് സംശയത്തിനും ആദ്യം വിളിക്കുക ദ്രാവിഡിനെയെന്ന് സഞ്ജു

ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ വളരാന്‍ സാധിച്ച ഇന്ത്യയിലെ പുതുതലമുറ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് മലയാളി താരം സഞ്ജു സാംസണ്‍. അണ്ടര്‍ 19 കാലം മുതല്‍ക്ക് ദേശീയ ടീം വരെയുള്ള സഞ്ജുവിന്റെ കരിയറില്‍ വലിയ സ്വാധീനം ഇന്ത്യയുടെ ബാറ്റിംഗ് വന്മതിലിനുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട എന്തു സംശയത്തിനും ആദ്യം താന്‍ വിളിക്കുക ദ്രാവിഡിനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.

18ാം വയസില്‍ രാഹുല്‍ സാറില്‍ നിന്നും നേരിട്ട് ഉപദേശങ്ങള്‍ ലഭിച്ചത് ഭാഗ്യമായാണ് കരുതുന്നതെന്നാണ് സഞ്ജു പറയുന്നത്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സില്‍ ദ്രാവിഡിന് കീഴില്‍ കളിച്ചു തുടങ്ങിയതോടെയാണ് സഞ്ജുവിന്റെ വളര്‍ച്ചയുടെ പുതിയൊരു ഘട്ടം ആരംഭിക്കുന്നത്.

18-20 വയസില്‍ രാജസ്ഥാന്‍ റോയല്‍സിലും പിന്നീട് ഇന്ത്യ എയിലും കളിക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡിന്റെ വിലപ്പെട്ട ഉപദേശങ്ങള്‍ സഞ്ജുവിന് ലഭിച്ചിട്ടുണ്ട്. തനിക്കൊപ്പം കളിച്ച നിരവധി താരങ്ങളുടെ വളര്‍ച്ചയിലും ദ്രാവിഡിന്റെ സ്വാധീനമുണ്ടെന്നും സഞ്ജു പറയുന്നു. ‘എന്റെ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കും’ എന്നാണ് ദ്രാവിഡ് എപ്പോഴും പറയാറുള്ളത്. ഏത് വിഷയത്തിലും ഞങ്ങള്‍ക്ക് അദ്ദേഹത്തെ നേരിട്ട് വിളിക്കാനും ഉപദേശം തേടാനും അവസരമുണ്ട്. എപ്പോഴെല്ലാം സംശയത്തിലായിട്ടുണ്ടോ അപ്പോഴെല്ലാം പരിഹാരത്തിന് ആദ്യം വിളിക്കുക ദ്രാവിഡിനെയാണെന്നും സഞ്ജു പറയുന്നു.

2012 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തിയെങ്കിലും സഞ്ജു സാംസണ്‍ ആദ്യ ഐ.പി.എല്‍ മത്സരം കളിക്കുന്നത് 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ ശേഷമാണ്. ഗില്‍ക്രിസ്റ്റിന്റെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയായിരുന്നു ആദ്യ മത്സരം. അന്ന് 125 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സ് ആറ് വിക്കറ്റിന് വിജയിച്ചു. 23 പന്തില്‍ 27 റണ്‍സടിച്ച് സഞ്ജുവും അന്ന് രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. പിന്നീടിന്നു വരെ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണ് സ്ഥാനമുണ്ട്. രണ്ടാം വീടെന്നാണ് രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു വിശേഷിപ്പിക്കുന്നത്.

പ്രിയപ്പെട്ട ഐ.പി.എല്‍ പ്രകടനം ഏതെന്ന ചോദ്യത്തിന് 2018ല്‍ ആര്‍.സി.ബിക്കെതിരെ പുറത്താകാതെ നേടിയ 92 റണ്‍സാണ് സഞ്ജു പറഞ്ഞത്. വെറും 45 പന്തുകളില്‍ നിന്ന് രണ്ട് ഫോറും പത്ത് സിക്‌സും പറത്തിയാണ് സഞ്ജു അന്ന് 92 റണ്‍സെടുത്തത്. സഞ്ജുവിന്റെ ബാറ്റിംഗ് മികവില്‍ 4ന് 217 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് എടുത്തത്. ആര്‍.സി.ബിയുടെ മറുപടി 20 ഓവറില്‍ 6ന് 194ല്‍ അവസാനിച്ചു.

നാല് ടി20 മത്സരങ്ങളില്‍ ഇന്ത്യക്കുവേണ്ടി ഇറങ്ങിയിട്ടുണ്ട് 25കാരനായ സഞ്ജു സാംസണ്‍. ഐ.പി.എല്ലില്‍ 93 മത്സരങ്ങളില്‍ നിന്നും 2209 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയിരിക്കുന്നത്. പത്ത് അര്‍ധസെഞ്ചുറികളും രണ്ട് സെഞ്ചുറികളും ഇതില്‍ പെടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *