ക്യൂ ഇല്ലാതെ ബിവറേജസ് ഷോപ്പുകളിലൂടെ മദ്യം വിൽക്കാൻ പദ്ധതിയുമായി ബെവ്കോ. ഇതിനായി ആപ്പ് നിർമ്മിക്കണമെന്ന് ബിവറേജസ് കോർപറേഷൻ അറിയിച്ചു. പദ്ധതിക്ക് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. സമയം മുൻകൂട്ടി നിശ്ചയിച്ച് ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകുന്നതാണ് പദ്ധതി.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മദ്യശാലകൾ പൂട്ടിയതോടെ സർക്കാർ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. എന്നാൽ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നത് ആളുകൾ കൂട്ടമായി എത്തുന്നതിന് കാരണമാകുകയും രോഗവ്യാപനം ഉണ്ടാവുകയും ചെയ്യുമെന്നതിനാൽ മദ്യശാലകൾ അടഞ്ഞുതന്നെ കിടക്കുമെന്ന നിലപാട് സർക്കാർ എടുക്കുകയായിരുന്നു.
ലോക്ക് ഡൗൺ തീരുന്നത് വരെ സംസ്ഥാനത്ത് മദ്യവിൽപന വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനമെടുത്തിരുന്നു. സാഹചര്യം പരിശോധിച്ച് ഈ മാസം 17ന് ശേഷം തീരുമാനമെടുക്കും. മദ്യനികുതി കൂട്ടുന്ന കാര്യവും പിന്നീട് ആലോചിച്ചാൽ മതിയെന്ന് യോഗത്തിൽ ധാരണയായിരുന്നു.














