ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വോട്ടുചെയ്യുക എന്നാല്‍ ബിജെപിയെ വിജയിപ്പിക്കുക എന്നതാണ് അര്‍ഥമെന്ന് ആവര്‍ത്തിച്ച് ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍. കേന്ദ്രത്തിലെ ഭരണക്കാരെ പരാജയപ്പെടുത്തുക എന്ന ഉത്തരവാദിത്വം ഡല്‍ഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലും പാര്‍ട്ടി നിര്‍വഹിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തില്‍ ചേരുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് കേജരിവാള്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 46 ശതമാനം വോട്ടും എഎപി 33 ശതമാനവും കോണ്‍ഗ്രസ് 15 ശതമാനം വോട്ടുമാണ് നേടിയത്. അടുത്തിടെ നടന്ന സര്‍വെയില്‍ ബിജെപിക്ക് അവരുടെ വോട്ട് വിഹിതത്തില്‍ 10 ശതമാനം കുറവുണ്ടാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിങ്ങള്‍ വോട്ടര്‍മാരെ കണ്ട് ഈ 10 ശതമാനം വോട്ട് എഎപിക്ക് നല്കാന് ആവശ്യപ്പെടണം. അങ്ങനെയെങ്കില്‍ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും എഎപിക്ക് ജയിക്കാന്‍ സാധിക്കും.

കോണ്‍ഗ്രസ് വോട്ട് നല്‍കുക എന്നാല്‍ ബിജെപി വിജയിപ്പിക്കുക എന്നതാണ് അര്‍ഥമെന്നും ജനങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കണമെന്നും അദ്ദേഹം പാര്‍ട്ടി പ്രാദേശിക നേതാക്കളോടായി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഏകാധിപത്യം അവസാനിപ്പിക്കാനുള്ള സമയമാണിതെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.













