കോവിഷീല്‍ഡ് ഒറ്റ ഡോസ് ഫലപ്രദമോ? പരിശോധിക്കാന്‍ കേന്ദ്രം

ന്യൂഡൽഹി: കോവിഡ് 19നെതിരായി കോവിഷീൽഡ് ഒറ്റ ഡോസ് ഫലപ്രദമാണോയെന്ന് കേന്ദ്രം പരിശോധിക്കുന്നു. അമേരിക്കൻ കോവിഡ് പ്രതിരോധ വാക്സിനായ ജോൺസൺ ആൻഡ് ജോൺസൺ നിലവിൽ ഒറ്റ ഡോസാണ് നൽകുന്നത്. സമാനമായ രീതിയിൽ കോവിഷീൽഡും ഒറ്റഡോസ് മതിയാകുമോ എന്നാണ് കേന്ദ്രം പരിശോധിക്കുന്നത്.

കോവിഷീൽഡ് വൈറൽ വെക്ടർ പ്ലാറ്റ്ഫോം അടിസ്ഥാനമായി നിർമിച്ച വാക്സിനാണ്. അതുപോലെ നിർമിക്കപ്പെട്ടതാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്സിനും. മറ്റൊരു വൈറൽ വെക്ടർ വാക്സിനായ സ്പുട്നിക്കും പല സ്ഥലങ്ങളിലും ഒരു ഡോസാണ് നൽകിവരുന്നത്. അതുകൊണ്ട് കോവിഷീൽഡ് ഒരു ഡോസ് നൽകുന്നത് ഫലപ്രദമാണോയെന്ന് പരിശോധിക്കും. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. വാക്സിൻ ട്രാക്കിങ്ങിനായി സർക്കാർ ഉപയോഗിക്കുന്ന സംവിധാനത്തിലൂടെ ഡേറ്റകൾ ശേഖരിച്ച് അവ വിശദമായി പഠിച്ചതിന് ശേഷം ഓഗസ്റ്റ് മാസത്തോടെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.

രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ച് പഠിക്കുന്നതിനായി മാർച്ച് ഏപ്രിൽ മാസത്തോടെ തന്നെ ചർച്ചകൾ ആരംഭിച്ചിരുന്നതായി ഡോ.എൻ.കെ.അറോറ പറഞ്ഞു. നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷനുകീഴിലുളള കോവിഡ് പ്രവർത്തക സമിതിയുടെ ചെയർമാനാണ് അറോറ.

‘ഈ പഠനത്തിലൂടെ വാക്സിൻ ലഭിച്ചതിന് ശേഷം എത്രകാലം രോഗത്തിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്ന കാര്യം വ്യക്തമാകും. വാക്സിൻ ഡോസുകൾ തമ്മിലുളള ഇടവേളകൾ വർധിപ്പിക്കുകയോ, കുറയ്ക്കുകയോ ചെയ്യേണ്ടതുണ്ടോയെന്നും ഇതിലൂടെ മനസ്സിലാക്കാനായി സാധിക്കും. രണ്ടുമൂന്നുമാസങ്ങൾക്ക് ശേഷം വീണ്ടും ഡേറ്റ അവലോകനം ചെയ്യും. അടുത്ത അവലോകനത്തിൽ വാക്സിൻ ഒരു ഡോസ് ഫലപ്രദമാണോയെന്ന് മനസ്സിലാക്കുകയാണ് ലക്ഷ്യം’. അറോറ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *