കോഴിക്കോഴ കേസില്‍ അട്ടിമറി; വിജിലന്‍സ് നിയമോപദേശകനെതിരെ അന്വേഷണം

മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെയുള്ള കോഴിക്കോഴ കേസ് വിജിലന്‍സ് നിയമോപദേശകന്‍ മുരളീകൃഷ്ണ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന വിജിലന്‍സിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. വ്യക്തിപരമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റി മുരളീകൃഷ്ണ കേസ് അട്ടിമറിച്ചുവെന്നാണ് പരാതി.

മുരളീകൃഷ്ണ നേരത്തെ രണ്ടര വര്‍ഷത്തോളം സസ്‌പെന്‍ഷനില്‍ കഴിഞ്ഞിരുന്നു. അതിനുശേഷം കോട്ടയം വിജിലന്‍സ് കോടതിയില്‍ അഭിഭാഷകനായി തിരിച്ചെത്തിയിരുന്നു. ഈ സമയത്താണ് കേരള കോൺഗ്രസ് മുൻ നേതാവും ഇപ്പോൾ ബിജെപി സംസ്ഥാന സമിതിയംഗവുമായ അഡ്വ. നോബിള്‍ മാത്യു കോട്ടയത്തുള്ള ഒരു കോഴിവ്യാപാരിക്ക് ധനമന്ത്രിയായ കെ.എം മാണി നികുതിയിളവ് നല്‍കിയതില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരു പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത്.

കേസ് പരിഗണിച്ച കോടതി ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ഫയലുകള്‍ ഡയറക്ടര്‍ മുഖേന വിളിച്ചുവരുത്തി ഹാജരാക്കുന്നതിന് പകരം മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ട് മുരളീകൃഷ്ണ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് കേസ് കോടതി തള്ളുകയും ചെയ്തു. പിന്നീട് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സമയത്താണ് കോട്ടയം കോടതിയില്‍ നല്‍കിയ തെറ്റായ റിപ്പോര്‍ട്ട് വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഈ വിവരം വിജിലന്‍സ് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ സംഭവത്തെക്കുറിച്ച് പ്രത്യേകം അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

വിജിലന്‍സിന്റെ അഡീഷണല്‍ ലീഗല്‍ അഡ്‌വൈസറായി ഇപ്പോള്‍ തൃശൂരില്‍ ജോലി ചെയ്യുന്ന മുരളീകൃഷ്ണയ്ക്ക് എതിരെ നേരത്തെയും ഇത്തരങ്ങള്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മലബാര്‍ സിമന്റ്സ് കേസില്‍ വി.എം രാധാകൃഷ്ണന്റെ പക്കല്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതിന് ഇയാള്‍ക്കെതിരെ കേസുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *