കോഴിക്കോട് പതിനാറുകാരന് എസ്.ഐയുടെ ക്രൂര മര്‍ദ്ദനം…….


കോഴിക്കോട്: പതിനാറുകാരന്‍ എസ്.ഐയുടെ മര്‍ദ്ദനത്തില്‍ മാരകമായി പരുക്കേറ്റ് ജനറല്‍ അശുപത്രിയില്‍ ചികിത്സയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ്.എസ്.ഐ മര്‍ദ്ധിച്ചെന്നാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.


വ്യാഴാഴ്ച രാത്രി പത്തര​യോടെയാണ് നടക്കാവ് സ്റ്റേഷന്‍ പരിധിയിലുള്ള വനിതാ ഹോസ്റ്റലില്‍ മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുള്ളയെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഹോസ്റ്റലിന് പുറത്ത് ഒരു സ്ത്രീയുമായി ഒരാള്‍ സംസാരിച്ചുനില്‍ക്കുന്നത് കണ്ട കുട്ടിയുടെ പിതാവാണ് ആദ്യം കാര്യം അന്വേഷിച്ചത്. ഇതോടെ എസ്.ഐ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ പതിനാറുകാരനെയും എസ്.ഐ മര്‍ദ്ദിച്ചു. താന്‍ ആരാണെന്ന് മനസ്സിലായില്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. കുട്ടിയെ ജീപ്പില്‍ എടുത്തിട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അമ്മയും സഹോദരിയും ചേര്‍ന്ന് ജീപ്പ് തടയുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കുട്ടിയെ ഇറക്കിവിട്ടശേഷം എസ്.ഐ ജീപ്പുമായി കടന്നു.


ഇടുപ്പെല്ലിനും കഴുത്തെല്ലിനും പരുക്കേറ്റ കുട്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. എസ്.ഐയ്ക്കെതിരെ പരാതിയുമായി കുട്ടിയുടെ സഹോദരന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസുകാരും ഭീഷണിപ്പെടുത്തി. എസ്.ഐയ്ക്കെതിരെ പരാതി നല്‍കരുതെന്നും നിര്‍ദേശിച്ചു. നാലു തവണ പരാതിയുമായി സ്റ്റേഷനില്‍ എത്തിയിട്ടും സ്വീകരിച്ചില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ വെള്ളയില്‍ സ്റ്റേഷനില്‍ നിന്ന് ശനിയാഴ്ച രാവിലെ എത്തി മൊഴിയെടുത്തു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. വനിതാ ഹോസ്റ്റലിന് മുന്നില്‍ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് എസ്.ഐ യുടെ വിശദീകരണം.



Sharing is Caring