കോളെജ് പ്രിന്‍സിപ്പളിനെ അവഹേളിച്ച സംഭവം: അപമാനിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്‌റു കോളെജ് പ്രിന്‍സിപ്പള്‍ പിവി പുഷ്പജയെ വിരമിക്കല്‍ ദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച്‌ അപമാനിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അമ്മയെക്കാളും ഉയര്‍ന്ന സ്ഥാനത്താണ് അധ്യാപികയെ കാണേണ്ടതെന്നും അത് വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വം നല്‍കുന്നവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

സ്ത്രീത്വത്തിനെതിരായ അപമാനം മാത്രമല്ല, അതിനേക്കാള്‍ ഗുരുതരമാണ് ഈ പ്രശ്‌നം. സ്വന്തം അമ്മയേക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് വേണം അധ്യാപികമാരെ കാണാന്‍. അധ്യാപികയെ അപമാനിക്കുന്നത് ആരും അംഗീകരിച്ചിട്ടില്ല. ഇത്തരം നടപടികള്‍ എസ്‌എഫ്‌ഐ എന്ന സംഘടന അംഗീകരിക്കില്ല. മുഖ്യമന്ത്രി പറഞ്ഞു.

മെയ് മാസത്തില്‍ വിരമിക്കുന്ന പ്രിന്‍സിപ്പളിന് കഴിഞ്ഞ ദിവസമാണ് മറ്റ് അധ്യാപകര്‍ക്കൊപ്പം യാത്രയയപ്പ് നല്‍കിയത്. പ്രിന്‍സിപ്പളിന്റെ വിരമിക്കല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ച്‌ ആഘോഷിക്കുകയും പ്രിന്‍സിപ്പളിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. സംഭവം വന്‍വിവാദമാവുകയും ചെയ്തു. എസ്‌എഫ്‌ഐയാണ് സംഭവത്തിന് പിന്നിലെന്ന് പ്രിന്‍സിപ്പള്‍ പിവി പുഷ്പജ ആരോപിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ മൂന്ന് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *