ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തന്റെ പേര് നിര്‍ദേശിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് താക്കീതുമായി പ്രിയങ്ക ഗാന്ധി. അനാവിശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. രാഹുല്‍ ഗാന്ധി നേതൃത്വ സ്ഥാനം രാജിവച്ച സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി ആ സ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസ്സ് നേതൃത്വ സ്ഥാനത്തേയ്ക്ക് പ്രിയങ്കാ ഗാന്ധി വരണമെന്ന ആവശ്യമുന്നയിച്ച് പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ അമരിന്ദര്‍ സിംഗ് കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടിരുന്നു. പ്രിയങ്കയ്ക്ക് അനുകൂലമായി ശശി തരൂരും രംഗത്തെത്തിയിരുന്നു. രാജ്യം ഒരു യുവ നേതാവിനെ അംഗീകരിക്കുമെന്നും വരുന്ന കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പ്രിയങ്കയെ നേതൃത്വ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഓഗസ്റ്റ് 20 ന് മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായ് ഇന്ന് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിമാരുടേയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള വരുടേയും യോഗത്തിലാണ് വീണ്ടും നിര്‍ദേശം ഉയര്‍ന്നു വന്നത്.













