കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയപാര്‍ട്ടികളെ പിന്തുണക്കില്ലെന്നും പൊമ്പിളൈ ഒരുമൈ


മൂന്നാറില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. പൊമ്പിളൈ ഒരുമൈ പ്രതിനിധികളെ ഊരുവിലക്കുകയാണെന്നും പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചു. കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയപാര്‍ട്ടികളെ പിന്തുണക്കില്ലെന്നും പൊമ്പിളൈ ഒരുമൈ പ്രതിനിധി ലിസി സണ്ണി പറഞ്ഞു. മൂന്നാറില്‍ തങ്ങള്‍ ചരിത്രവിജയം നേടുമെന്നും പൊമ്പിളൈ ഒരുമൈ വ്യക്തമാക്കി.
ഇടുക്കി പ്രസ് ക്ലബ് സംഘടിപ്പിച്ച നേതാവ് നിലപാട് പരിപാടിയില്‍ സംസാരിക്കവെയാണ് ലിസി സണ്ണി, പൊമ്പിളൈ ഒരുമൈയുടെ തെരഞ്ഞെടുപ്പ് നയം വ്യക്തമാക്കിയത്. മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നുറപ്പുണ്ട്. തൊഴിലാളികളുടെ പിന്തുണ തങ്ങള്‍ക്കാണെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മറുപടി കൊടുക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പ് മാറുമെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന നിലയില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണക്കില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും ലിസി സണ്ണി വ്യക്തമാക്കി.
മദ്യവും പണവുമൊഴുക്കിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മൂന്നാറില്‍ വോട്ടുതേടുന്നതെന്നും അവര്‍ ആരോപിച്ചു.




Sharing is Caring