കോടമഞ്ഞും ഹൃദയതടാകവുമായി സഞ്ചാരികളെ കാത്തിരിക്കുന്നു ചെമ്പ്രപീക്ക്

വയനാടിന്റെ മനോഹാരിതയും ദൃശ്യഭംഗിയും ആസ്വദിക്കുന്നതൊടൊപ്പം ഹൃദയ തടാകം കാണണോ? ഒന്നും നോക്കണ്ട വണ്ടിനേരെ ചെമ്പ്ര പീക്കിലേക്ക് വിട്ടോ. ചെമ്പ്രപീക്കും ഹൃദയസരസ്സ് തടാകവും അവിടെ നല്‍കുന്നത് അതിനയനമനോഹരമായ ഒരു കാഴ്ചയാണ്. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്.
ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ചെമ്പ്ര എല്ലാ വര്‍ഷവും സഞ്ചാരികളെക്കൊണ്ട് നിറയും. മേപ്പാടി നഗരത്തില്‍ സ്ഥിതിചെയ്യുന്ന ചെമ്പ്ര, കല്‍പറ്റയില്‍നിന്നും 8 കിലോമീറ്റര്‍ (5 മൈല്‍) അകലെയാണ്. പശ്ചിമഘട്ട മേഖലയില്‍പ്പെട്ട വയനാടന്‍ കുന്നുകളും തമിഴ്‌നാടിലെ നീലഗിരി കുന്നുകളും, കോഴിക്കോട് ജില്ലയിലെ വെള്ളരിമലയും ചേരുന്ന ഭാഗമാണ് ഇത്.
ട്രക്കിംഗ് ചെയ്യാന്‍ ഇഷ്ടമുള്ളവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ചെമ്പ്ര കൊടുമുടിയും അവിടെയുള്ള ഹൃദയസരസ്സും. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 6,900 അടി ഉയരത്തിലാണ് ചെമ്പ്രാ പീക്ക് സ്ഥിതി ചെ. കല്‍പ്പറ്റയ്ക്ക് അടുത്തുള്ള മേപ്പാടിയാണ് ചെമ്പ്രാ പീക്കിന് സമീപത്തുള്ള ടൗണ്‍. മേപ്പാടിയില്‍ നിന്ന് ചെമ്പ്രപീക്കിന്റെ അടിവാരം വരെ വാഹനത്തില്‍ എത്തി അവിടെ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. ഇവിടെ ട്രെക്കിങ് നടത്താന്‍ അധികം പരിചയമൊന്നും ആവശ്യമില്ല. ഏകദേശം മൂന്നു മണിക്കൂറാണ് ട്രെക്കിങ്ങിന് വേണ്ടിവരുന്ന സമയം. ട്രെക്കിങ് തുടങ്ങി ഒരു കിലോമീറ്റര്‍ കഴിയുമ്പോള്‍ വാച്ച് ടവര്‍ കാണാം. ഇവിടെ കയറി നിന്നാല്‍ ചെമ്പ്ര കൊടുമുടിയുടെയും സമീപ പ്രദേശങ്ങളുടെയും മികച്ച ദൃശ്യാനുഭവം ലഭിക്കും.
ചെമ്പ്രയുടെ പ്രധാന ആകര്‍ഷണമ ഹൃദയതടാകമാണ്. വാച്ച് ടവറില്‍ നിന്ന് വീണ്ടും രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട് ഹൃദയസരസ് എന്ന തടാകത്തിനരികില്‍ എത്തിച്ചേരാനായി. പച്ചപ്പ് നിറഞ്ഞ പുല്‍ത്തകിടികള്‍ക്കിടയില്‍ നില്‍ക്കുന്ന ഈ തടാകം കാണാന്‍ മാത്രമായി ചെമ്പ്രമല കയറുന്നവരുണ്ട്. തടാകത്തിന്റെ കരയില്‍ കുറച്ചു സമയം വിശ്രമിച്ച് അവിടുത്തെ സൗന്ദര്യവും കാലാവസ്ഥയും ആസ്വദിച്ച് വീണ്ടും ട്രെക്കിങ് തുടരാം. ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ട് പോയാല്‍ ചെമ്പ്ര കൊടുമുടിയുടെ മുകളിലെത്തും. മൊത്തം നാലര കിലോമീറ്റര്‍ ദൂരമുള്ള ട്രെക്കിങ്ങായിരിക്കും.
വനം വകുപ്പിന്റെ ചെമ്പ്ര പീക്ക് വിഎസ്എസ് ഇക്കോ ടൂറിസമാണ് ട്രെക്കിങ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഓഫീസില്‍ നിന്ന് ടിക്കറ്റുകളെടുക്കാവുന്നതാണ്. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ട്രെക്കിങ്ങിനുള്ള സമയം. ചെമ്പ്ര കൊടുമുടിയുടെ താഴ്വരയിലെങ്ങും ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന തേയില തോട്ടങ്ങള്‍ കാണാം.ഒപ്പം ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്. വയനാടിന്റെ മഞ്ഞണിഞ്ഞ നയന മനോഹര കാഴ്ചകള്‍ ആരെയും മോഹിപ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *