കൊളംബിയൻ വാഹന ബോംബ് പൊട്ടിത്തെറിച്ച് അഞ്ചു പേർ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റതായാണ് വിവരം.കൊളംബിയൻ നഗരമായ കാലിയില്‍ വിമാനത്താളനത്തിനു സമീപമുള്ള തിരക്കേറിയ തെരുവിലാണ് സ്ഫോടനമുണ്ടായത്.
നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള മാർക്കോ ഫിഡല്‍ സുവാരസ് മിലിട്ടറി ഏവിയേഷൻ സ്കൂളിനെ ലക്ഷ്യമിട്ടാണ് ബോംബ് സ്ഫോടനം നടന്നതെന്നാണ് സൂചന. 2026ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനാരിക്കെയുണ്ടായ സ്ഫോടനം രാജ്യത്തിന്റെ സമാധാന അന്തരീക്ഷത്തിനു ഭീഷണിയാണെന്നാണ് വിലയിരുത്തല്‍.

പ്രദേശത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നിരവധി കെട്ടിടങ്ങളും സ്കൂളും ഒഴിപ്പിച്ചു. കൂടുതല്‍ സ്ഫോടനങ്ങള്‍ ഭയന്ന് വലിയ ട്രക്കുകള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. സ്ഫോടനത്തെപ്പറ്റി വിവരങ്ങള്‍ നല്‍കുന്നവർക്ക് 10,000 യുഎസ് ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു.
നടന്നത് ഭീകരാക്രമണമാണെന്നും ഭീകരത നമ്മളെ പരാജയപ്പെടുത്തില്ലെന്നും റീജണല്‍ ഗവർണർ ഡിലിയൻ ഫ്രാൻസിസ്ക പ്രതികരിച്ചു. ജൂണില്‍ കാലിയിലും പരിസര പ്രദേശങ്ങളിലും നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇടതുപക്ഷ ഗറില്ലകള്‍ ഏറ്റെടുത്തിരുന്നു. അന്നത്തെ സ്ഫോടനത്തില്‍ ഏഴു പേരാണ് കൊല്ലപ്പെട്ടത്.













