കെ.സി.എല്‍ സീസണ്‍-2-ന് ആവേശകരമായ തുടക്കം. കാലിക്കറ്റ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മല്‍ 22 പന്തില്‍ നിന്ന് 54 റണ്‍സ് നേടി തകർപ്പൻ അർധസെഞ്ചുറി സ്വന്തമാക്കിയിട്ടും, ആവേശം നിറഞ്ഞ മത്സരത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി.കാലിക്കറ്റിന്റെ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത് രോഹൻ കുന്നുമ്മലാണ്. ഓപ്പണറായി ഇറങ്ങിയ രോഹൻ തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ചു. 22 പന്തില്‍ 54 റണ്‍സെടുത്ത രോഹന്റെ ബാറ്റില്‍ നിന്ന് മൂന്ന് ഫോറുകളും ആറ് കൂറ്റൻ സിക്‌സറുകളും പിറന്നു.
48 റണ്‍സില്‍ നില്‍ക്കെ സിക്‌സറടിച്ചാണ് രോഹൻ അർധസെഞ്ചുറി പൂർത്തിയാക്കിയത്. മറുവശത്ത് സച്ചിൻ സുരേഷ് (13 പന്തില്‍ 10), അഖില്‍ സ്കറിയ (12 പന്തില്‍ 7) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായപ്പോഴും രോഹൻ ക്രീസില്‍ ഉറച്ചുനിന്നു.

കൊല്ലം സെയിലേഴ്‌സ് ബൗളർമാരായ ഏദൻ ആപ്പിള്‍ ടോമിനെയും അമല്‍ ഇ.ജെ യെയും രോഹൻ അനായാസം നേരിട്ടു. ടീം സ്കോർ 76-ല്‍ നില്‍ക്കെയാണ് രോഹൻ പുറത്തായത്.
കഴിഞ്ഞ സീസണിലും കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് രോഹൻ കുന്നുമ്മല്‍. കഴിഞ്ഞ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 371 റണ്‍സാണ് രോഹൻ നേടിയത്.













