കോഴിക്കോട്: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കൈക്കൂലി വാങ്ങാതെ അന്തസായി ജീവിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെങ്കില്‍ ‘സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം’ കഴിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപന വകുപ്പിന്റെ ഓട്ടോമേറ്റഡ്/ഇന്റലിജന്റ് ബില്‍ഡിംഗ് ആപ്ലിക്കേഷന്‍/സോഫ്‌റ്റ്‌വെവെയറായ ‘സുവേഗ’യുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്പോഴായിരുന്നു കൈക്കൂലിക്കാര്‍ക്ക് ജയില്‍ ശിക്ഷ കിട്ടുമെന്ന് മുഖ്യമന്ത്രി പരോക്ഷമായി സൂചിപ്പിച്ചത്.
മറ്റാരില്‍ നിന്ന് ഒന്നും പിടുങ്ങില്ല എന്ന് വ്രതമെടുത്തുവേണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍. അഴിമതി നടത്തുന്ന കുറച്ചുപേരാണ് അന്ത:സായി ജീവിക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നത്. ആളുകളെ ദ്രോഹിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യാഗസ്ഥരില്‍ ഗ്രേഡ് അനുസരിച്ച് മാറ്റമുണ്ട്. ഓഫീസിലെത്തുന്ന ജനങ്ങളെ സാഡിസ്റ്റ് മനോഭാവത്തോടെ സമീപിക്കുന്ന ഉദ്യോഗസ്ഥര്‍ നമുക്കിടയിലുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.

മാന്യമായ ശന്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് ജീവിക്കാന്‍ ഉദ്യോഗസ്ഥര്‍ ശീലിക്കണം. പണം ചെലവഴിക്കുന്നതിന് തടസമൊന്നുമില്ല. പക്ഷേ, അത് അവനവന്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയത് ആയിരിക്കണം. അഴിമതി നടത്തരുതെന്ന് സര്‍ക്കാര്‍ പറയുമ്ബോള്‍ ഊറിച്ചിരിക്കുന്ന ചില ഉദ്യോഗസ്ഥരുണ്ട്. അടുത്തകാലത്ത് ഉദ്യോഗസ്ഥര്‍ കൈക്കൂലി നേരിട്ടു വാങ്ങുന്ന സമ്ബ്രദായം നിറുത്തി പുതിയൊരു മാര്‍ഗം കണ്ടുപിടിച്ചു. കൈക്കൂലി വാങ്ങാന്‍ വക്താക്കളെയാണ് ഇപ്പോള്‍ ഏല്‍പിക്കുന്നത്. ഇതിന് ചില അടയാളങ്ങളും കോഡുകളുമൊക്കെയുണ്ട്. ആരും അറിയാതെ നടത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്ന ഇത്തരം പരിപാടികള്‍ അങ്ങാടിപ്പാട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്ക് ഇരയാകുന്നവര്‍ മിണ്ടാതിരിക്കുന്നത് കൊണ്ടാണ് പലരും രക്ഷപ്പെടുന്നത്. ഉദ്യോഗസ്ഥരില്‍ നിന്നു രക്ഷ കിട്ടില്ല എന്നുവന്നാല്‍ ജനങ്ങള്‍ അഴിമതിക്കെതിരെ പ്രതികരിച്ചു തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












