കേരള സര്‍ക്കാരിനെ പിരിച്ചുവിടാനുളള ശക്തി ബിജെപിക്കില്ല; കോടിയേരി


സംസ്ഥാനത്ത് കലാപം നടത്തുന്നവരാണ് സര്‍ക്കാരിനെ പിരിച്ച്‌ വിടാന്‍ പറയുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ പിരിച്ച്‌ വിടാനുള്ള ശക്തി ബിജെപിക്കില്ലെന്നും പിരിച്ച്‌ വിട്ടാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് കേരളത്തില്‍ ഉള്ള സീറ്റ് കൂടി നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ എസ് എസ് ആസൂത്രണം ചെയ്ത കലാപമാണ് കേരളത്തില്‍ നടക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് 690 സി പി ഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 224പേരെ കൊന്നത് ആര്‍ എസ് എസുകാരാണെന്നും കോടിയേരി പറഞ്ഞു.സര്‍ക്കാരിനെ പിരിച്ചു വിടുന്നെങ്കില്‍ ആദ്യം ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പിരിച്ച്‌ വിടണം. അവിടെയാണ് വര്‍ഗീയ കലാപം കൂടുതല്‍ നടക്കുന്നത്. 2017ല്‍മാത്രം 197 കലാപങ്ങള്‍ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളുടെ വിശ്വാസം സംരക്ഷിച്ച്‌ കൊണ്ടേ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കൂ.വിശാസികളുടെ ഇടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തി കൂടിയിട്ടേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പള്ളിക്കോ ക്ഷേത്രങ്ങള്‍ക്കോ എതിരെ സിപിഐഎം ആക്രമണം നടത്തിയിട്ടില്ല. അങ്ങനെയുള്ള ആക്രമണങ്ങള്‍ അനുവദിക്കില്ലെന്നും കോടിയേരി കൂട്ടിചേര്‍ത്തു.




Sharing is Caring