കേരള ജനതയുടെ കാവലാളായി എന്നുമുണ്ടാകുമെന്ന് വി.എസ്


:ഇടതുപക്ഷത്തിന് അഭിമാനാര്‍ഹമായ വിജയം സമ്മാനിച്ച വോട്ടര്‍മാരെ അഭിനന്ദിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളുടെ കാവലാളായി തുടരുമെന്ന് വിഎസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. താന്‍ തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും തന്നെ കാണാന്‍ ആരും ആലപ്പുഴയിലേക്ക് വരേണ്ടതില്ലെന്നും വിഎസ് പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരികയാണ് ഇടതു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞ വിഎസ്. സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കും. ജിഷയുടെ ഘാതകരെ തുറങ്കിലടയ്ക്കുന്ന നാളുകള്‍ വിദൂരമല്ല. സോളാര്‍ കുംഭകോണമടക്കമുള്ള യു.ഡി.എഫ് കാലത്തെ കേസുകളില്‍ പ്രതികളെ പിടികൂടുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. കൊച്ചി മട്രോയും കണ്ണൂര്‍ വിമാനത്താവളവും സ്മാര്‍ട്‌സിറ്റിയും സമയബന്ധിതമായി പ്രതീക്ഷയ്‌ക്കൊത്ത് പൂര്‍ത്തീകരിക്കുമെന്നും വി.എസ് പറഞ്ഞു.




Sharing is Caring