കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം. കന്യാകുമാരി തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായി തുടരുകയാണ്. അടുത്ത 36 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തിപ്പെടാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം. തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലും ഇന്നും നാളെയും മഴയുണ്ടാകും. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാം. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശവും തുടരുകയാണ്.

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത പാലിക്കാന്‍ കഴിഞ്‍ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിലവില്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. ജാഗ്രതാ നിര്‍ദേശം നല്‍കിയ മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

മത്സ്യബന്ധനത്തിന് പുറംകടലില്‍ പോയവരെ തിരിച്ചെത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പുറംകടലില്‍ ഉള്ളവരെ തിരിച്ചെത്തിക്കാന്‍ കോസ്റ്റ്ഗാര്‍ഡിന്റെയും നേവിയുടെയും സേവനം ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരന്തരം നിരീക്ഷിക്കാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മഴ ശക്തമായാല്‍ നഗരങ്ങളില്‍ പലയിടത്തും വെള്ളക്കെട്ട് ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ നഗരസഭകളും പൊതുമരാമത്ത് വകുപ്പും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *