തിരുവനന്തപുരം: നഴ്സിംഗ് സംഘടനകളുമായി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് ചൊവ്വാഴച്ച മുതല്‍ അനിശ്ചിത കാലം സമരം നടത്തുമെന്ന് നഴ്സിംഗ് സംഘടനയായ യുഎന്‍എ അറിയിച്ചു. 457 സ്വകാര്യ ആശുപത്രികള്‍ സ്തംഭിക്കുമെന്ന് യുഎന്‍എ നേതാവ് ജാസ്മിന് ഷാ അവകാശപ്പെട്ടു. ഇനി ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ലേബര്‍ കമ്മീഷണര്‍ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരത്തിനിറങ്ങാന്‍ സംഘടന തീരുമാനിച്ചത്.

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുക, സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നടപ്പിലാക്കുക, നേരത്തെ സമരം നടത്തിയതിന്റെ പേരില്‍ സ്വകാര്യആശുപത്രി മാനേജ്മെന്റുകള്‍ നടത്തുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.













