കേരളം കൈകോര്‍ത്ത കുഞ്ഞിനെതിരെ വര്‍ഗീയ ഫേസ്ബുക്ക് പോസ്റ്റ്; പ്രതിക്കെതിരെ ജാമ്യമില്ലാ കുറ്റം


കൊച്ചി: നവജാത ശിശുവിനെതിരെ ഫെയ്സ്ബുക്കിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തിയ എറണാകുളം കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരം റിമാന്‍‍ഡില്‍. മതസ്പര്‍ധ വളര്‍ത്തല്‍ എന്ന ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് നടപടി. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ചികിത്സക്കായെത്തിച്ച കുഞ്ഞിനെതിരെ ഫേസ്ബുക്കിലൂടെയാണ് ബിനില്‍ മോശം പരാമര്‍ശം നടത്തിയത്.
പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രീയക്കായി കേരളമാകെ കൈകോര്‍ത്തതിനെയാണ് ബിനില്‍ സോമസുന്ദരം വര്‍ഗീയമായി ആക്ഷേപിച്ചത്.സര്‍ക്കാര്‍ ചികിത്സ സൗജന്യമാക്കിയ തീരുമാനത്തെയും ഇയാള്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ വ്യാഖ്യാനിച്ചു.ഫെയ്സ് ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിച്ചപ്പോള്‍ തന്നെ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി എറണാകുളം സെന്‍ട്രല്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ നെടുംകണ്ടത്തെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നാണ് മെഴി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ തന്നെയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതെന്ന് കണ്ടെത്തി. പ്രതിക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു




Sharing is Caring