കേന്ദ്ര സര്‍ക്കാരിന്റെ ത്രിഭാഷ നയത്തെ പിന്തുണച്ച് സുധ മൂര്‍ത്തി


കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷ നയത്തെ പിന്തുണച്ച് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സ്ഥാപക സുധ മൂര്‍ത്തി. ഈ നയത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഭാഷ പഠിക്കുന്നതിനുള്ള സാഹചര്യമാണ് ഉണ്ടാകുന്നതെന്നും അതിനെതിരെ എന്തിനാണ് പ്രതിഷേധമെന്നും അവര്‍ ചോദിച്ചു. ഒരാള്‍ക്ക് ഒന്നിലധികം ഭാഷകള്‍ പഠിക്കാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് 7-8 ഭാഷകളറിയാം. പഠനം ഞാന്‍ ആസ്വദിക്കാറുണ്ട്. കുട്ടികള്‍ക്ക് പുതിയ നയത്തിലൂടെ ഒരുപാടു നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും രാജ്യസഭാ എംപികൂടിയായ അവര്‍ പറഞ്ഞു.


ത്രിഭാഷ നയത്തിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് അനുകൂലിച്ചു സുധാ മൂര്‍ത്തി രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്. അതേസമയം, ഭാഷാപരമായ തുല്യത അവകാശപ്പെടുന്നത് വര്‍ഗീയതയല്ല, അത് ന്യായമായ ആവശ്യമാണ്. ഹിന്ദിവാദികള്‍ തമിഴ്നാട്ടുകാരെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുകയും ഹിന്ദി സംസാരിക്കാത്ത ആളുകളുടെ മേല്‍ അവരുടെ ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയുമാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങളെ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ ആക്ട് എന്നിങ്ങനെ പുനര്‍നാമകരണം ചെയ്തതിനെയും സ്റ്റാലിന്‍ ചോദ്യം ചെയ്തു.


ഇന്ത്യയിലെ 140 കോടി ജനങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍ക്ക് തമിഴും മറ്റ് പ്രാദേശിക ഭാഷയും ഒഴിവാക്കി പേരുകള്‍ നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. തമിഴര്‍ക്ക് വായിച്ച് മനസിലാക്കാനോ ഉച്ഛരിക്കാനോ പോലും കഴിയാത്ത ഭാഷയില്‍ നിയമങ്ങള്‍ക്ക് പേര് നല്‍കിയതിനെയും സ്റ്റാലിന്‍ വിമര്‍ശിച്ചു.രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ വാഴ്ത്തുന്നവരുടെ പിന്‍ഗാമികളാണ് ഡി.എം.കെയുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നതെന്ന് സ്റ്റാലിന്‍ പരിഹസിച്ചു. ചൈനയുടെ ആക്രമണമുണ്ടായപ്പോഴും ബംഗ്ലാദേശ് യുദ്ധകാലത്തും കാര്‍ഗില്‍ യുദ്ധത്തിന്റെ വേളയിലും ഏറ്റവുമധികം സംഭാവന നല്‍കിയ സംസ്ഥാനം തമിഴ്നാടാണെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring