കെ റെയില്‍: സംസ്ഥാനത്തിന്റെ സര്‍വ്വ നാശത്തിന്റെ കാരണഭൂതനായ മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന് പി.കെ. കൃഷ്ണദാസ്

കണ്ണൂര്‍: കെ റെയില്‍ ഉടായിപ്പ് തരികിട പദ്ധതിയാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണെന്നും പദ്ധതി നടപ്പിലാക്കിയാല്‍ സംസ്ഥാനത്തിന്റെ സര്‍വ്വ നാശത്തിന്റെ കാരണഭൂതനായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറുമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. നിര്‍ദ്ദിഷ്ട കെ റെയില്‍ പാത കടന്നു പോകുന്നതു മാടായിപാറയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

.

മാടായിപാറയെ കീറി മുറിച്ച്‌ പാത നിര്‍മ്മിക്കാനുളള സര്‍ക്കാര്‍ തീരുമാനം ഹൈന്ദവ വിശ്വാസികളോടും പരിസ്ഥിതിയോടും ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്. അപൂര്‍വ്വ സസ്യങ്ങളുളള വലിയ ജൈവ സമ്ബത്ത് കുടികൊളളുന്ന പാറ നശിപ്പിക്കപ്പെടും. മാടായിക്കാവും തൊട്ടടുത്ത പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലെ ആരാധനയും ആചാരങ്ങളും അനുഷ്ഠാനങ്ങളും നശിപ്പിക്കപ്പെടും. ഇത് സര്‍വ്വനാശത്തിന് കാരണമാകും. പദ്ധതികൊണ്ട് കേരളത്തിന് ഒരു വികസനവും ഉണ്ടാകില്ല. സംസ്ഥാനത്തിന്റെ സര്‍വ്വനാശത്തിന് ഉതകുന്ന പാതയാണ് കെറെയില്‍.

സിപിഎം നേതാക്കള്‍ക്ക് കമ്മീഷന്‍അടിക്കാന്‍ ഉള്ള പദ്ധതിയാണ് കെറെയില്‍. ഈ പദ്ധതി കൊണ്ടു സംസ്ഥാനത്തിന് യാതൊരു ഗുണവും ഇല്ല. കെ റെയിലിനെതിരെയുള്ള സമരത്തെ വിലക്ക് വാങ്ങാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും ശ്രമിക്കുകയാണ്. കൂടുതല്‍ നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞു ജനങ്ങളെ പ്രലോഭിപ്പിക്കുകയാണ്. പണം കൊടുത്ത് ജനകീയ സമരങ്ങളെയടക്കം വിലയ്ക്ക് വാങ്ങാമെന്ന കോര്‍പറേറ്റ് സമീപനമാണ് സിപിഎമ്മിന്റേത്. കോര്‍പ്പറേറ്റ് പാര്‍ട്ടി ഒ#ാഫ് മാര്‍ക്‌സിസ്റ്റായി സിപിഎം അധഃപതിച്ചിരിക്കുന്നു. ഒരു മുതലാളിത്ത പാര്‍ട്ടിയായി മാറി. യുക്തിസഹമായ രീതിയിലല്ല കെറെയില്‍ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്ന് പിന്മാറണം. ഒരു ബദല്‍ റെയില്‍ പാതയാണ് സംസ്ഥാനത്തിന് ആവശ്യം. കാസര്‍കോട് -തിരുവനന്തപുരം ഗോള്‍ഡന്‍ ലൈനിനെ കുറിച്ച്‌ സര്‍ക്കാര്‍ ചിന്തിക്കണം. നിലവിലെ പാതക്ക് സമാന്തരമായി പാത നിര്‍മ്മിച്ചാല്‍ കുടിയിറക്കപ്പെടേണ്ടവരുടെ എണ്ണം കുറയും. പരിസ്ഥിതി നാശവും സാമൂഹ്യ-സാമ്ബത്തിക നഷ്ടവും ഉണ്ടാകില്ല. കെ റെയിലിനു ഇതുവരെ കേന്ദ്ര സര്‍ക്കാരോ റെയില്‍വേ മന്ത്രാലയമോ അനുമതി കൊടുത്തിട്ടില്ല. അനുമതി വേണ്ടാത്ത കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. പഠനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ജനങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നു. പദ്ധതി നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ വാശിക്ക് പിന്നില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. പദ്ധതിയുടെ പേരില്‍ കമ്മീഷന്‍ കൈപ്പറ്റുന്നതിനുളള നീക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി ബിജുഏളക്കുഴി, മേഖല സെക്രട്ടറി കെ.പി. അരുണ്‍കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *