കെ.പി.സി.സി. നിര്‍വാഹകസമിതി യോഗം : സുധീരന്റെ രാജിക്ക്‌ മുറവിളി


നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്തു കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ സ്‌ഥാനമൊഴിയണമെന്നു നേതൃയോഗത്തില്‍ മുറവിളി. നെയ്യാര്‍ ഡാമില്‍ ഇന്നലെയാരംഭിച്ച കെ.പി.സി.സി. നിര്‍വാഹകസമിതി യോഗത്തിലാണു പ്രമുഖ നേതാക്കള്‍ ഈ ആവശ്യമുന്നയിച്ചത്‌. യോഗത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണിക്കെതിരേയും വിമര്‍ശനമുയര്‍ന്നു.
തെരഞ്ഞെടുപ്പ്‌ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്നു സുധീരനും ഉമ്മന്‍ ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും ഒഴിഞ്ഞുമാറാനാകില്ലെന്നു യോഗത്തില്‍ പൊതുവികാരമുയര്‍ന്നു. യോഗത്തിന്റെ ആദ്യ ദിനത്തിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ മൂവരും മൗനംപാലിച്ചു. ആക്രമണത്തിന്റെ കുന്തമുന കെ.പി.സി.സി. അധ്യക്ഷനു നേരേയായിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ സംയുക്‌തമായാണു സുധീരനെതിരേ പട നയിച്ചത്‌. കെ. സുധാകരന്‍, കെ.സി. ജോസഫ്‌, ബെന്നി ബെഹനാന്‍, വി.ഡി. സതീശന്‍ എന്നിവര്‍ സുധീരന്റെ രാജിയാവശ്യപ്പെട്ടു. കെ.പി.സി.സിയില്‍ നേതൃമാറ്റം നടപ്പാക്കിയശേഷമാകണം പാര്‍ട്ടി താഴേത്തട്ടുമുതല്‍ പുനഃസംഘടിപ്പിക്കാനെന്നും സംഘടനാതെരഞ്ഞെടുപ്പ്‌ നടത്തണമെന്നും ആവശ്യമുയര്‍ന്നു.




Sharing is Caring