കെ.എസ്.ഇ.ബി താരിഫ് വര്‍ധന ജൂണില്‍ പ്രഖ്യാപിച്ചേക്കും


അടുത്ത നാലുവര്‍ഷത്തേക്കുള്ള കെ.എസ്.ഇ.ബി താരിഫ് വര്‍ധന ജൂണില്‍ പ്രഖ്യാപിച്ചേക്കും. ഇത് സംബന്ധിച്ച വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍റെ പൊതുതെളിവെടുപ്പ് പൂര്‍ത്തിയായി.


നിരക്ക് വര്‍ധിപ്പിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗാര്‍ഹിക ഉപഭോക്താക്കളുടെ സംഘടനയായ ഡി.ഇ.സി.എ മീഡിയവണിനോട് പറഞ്ഞു.


നിലവിലുള്ള വൈദ്യുതി താരിഫിന് ജൂണ്‍ 30 വരെയാണ് കാലാവധി. ജൂണ്‍ പകുതിയോടെ പുതിയ നിരക്ക് പ്രഖ്യാപിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പുതുക്കിയ നിരക്ക് ജൂലൈ 1 മുതലാകും പ്രാബല്യത്തില്‍ വരിക. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കാമെന്നാണ് കെഎസ്‌ഇബി അറിയിച്ചത്.

മറ്റ് സ്ലാബുകളിലുള്ളവര്‍ക്ക് ആദ്യ രണ്ടു വര്‍ഷം 15 മുതല്‍ 20 പൈസവരെയും അതിന്‍റെ അടുത്ത വര്‍ഷം 5 പൈസയും യൂണിറ്റിന് വര്‍ധിപ്പിക്കണമെന്നതാണ് കെഎസ്‌ഇബിയുടെ ആവശ്യം. അവസാന വര്‍ഷം നിരക്ക് വര്‍ധന കെഎസ്‌ഇബി ആവശ്യപ്പെട്ടിട്ടില്ല.

പ്രതിമാസം 50 മുതല്‍ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കില്‍ കാര്യമായ മാറ്റം വരുത്തണമെന്നതാണ് കെഎസ്‌ഇബി നിലപാട്. 500 യൂണിറ്റിന് മുകളിള്‍ ഉപയോഗിക്കുന്നവര്‍ക്ക് വലിയ മാറ്റം വേണ്ടതില്ലെന്നും കെഎസ്‌ഇബി പറയുന്നുണ്ട്. ഇതോടൊപ്പം ഫിക്‌സഡ് ചാര്‍ജ് 30 രൂപ വരെ കൂട്ടണമെന്നും കെഎസ്‌ഇബി ആവശ്യപ്പെടുന്നു.



Sharing is Caring