തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഫ്‌ലൈ ബസ് യാത്രാ സൗകര്യം. കെ.എസ്.ആര്‍.ടി.സി.യുടെ പുത്തന്‍ സംരംഭമായ ഫ്‌ലൈ ബസില്‍ 27 രൂപക്ക് യാത്ര ചെയ്യാം. വിമാനത്താവളത്തെയും നഗരകേന്ദ്രമായ തമ്പാനൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അരമണിക്കൂര്‍ ഇടവിട്ട് എ.സി. ലോ ഫ്‌ളോര്‍ ബസ് ഓടിത്തുടങ്ങി.അഭ്യന്തര ടെര്‍മിനലില്‍ നിന്നാണ് ബസ് ആരംഭിക്കുക. അന്താരാഷ്ട്രവിമാനത്താവളം വഴി നഗരത്തിലേക്ക് എത്തും. വിമാനത്താവളത്തില്‍ യാത്രക്കാര്‍ ഇറങ്ങിവരുന്ന കവാടത്തിന് മുന്നില്‍ ബസുണ്ടാകും. ഇതിനായി കെ.എസ്.ആര്‍.ടി.സിക്ക് പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്.
രാജ്യത്തെ മറ്റു പല നഗരങ്ങളിലും വിമാനത്താവളങ്ങളെയും നഗരകേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി ബസ് സര്‍വീസുണ്ട്. ഇതാണ് സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയും നടപ്പാക്കുന്നത്.75 വിമാനങ്ങളാണ് ദിവസവും വന്നിറങ്ങുന്നത്. ഇതില്‍ നിന്നുള്ള യാത്രക്കാര്‍ ടാക്‌സിയെയോ സ്വന്തം വാഹനങ്ങളെയോ ആശ്രയിച്ചാണ് യാത്ര ചെയ്തിരുന്നത്.വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് ദീര്‍ഘദൂര ബസോ, തീവണ്ടിയോ ലഭിക്കണമെങ്കില്‍ തമ്ബാനൂരില്‍ എത്തുക മാത്രമാണ് ഏഖ പോം വഴി. തീവണ്ടികളില്‍ എത്തുന്നവര്‍ക്ക് ഇവിടെ നിന്ന് വിമാനത്താവളത്തിലേക്ക് ഫ്‌ലൈ ബസ് ലഭിക്കും.

റെയില്‍വേ സ്റ്റേഷനിലും തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലും ഫ്‌ലൈ ബസിന്റെ സമയക്രമം സംബന്ധിച്ച് അറിയിപ്പുണ്ടാകും. കെ.എസ്.ആര്‍.ടി.സി.യുടെ വെബ് സൈറ്റിലും ഫ്‌ലൈ ബസിന്റെ ഷെഡ്യൂള്‍ ഉണ്ടാകും. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനലിലേക്ക് തമ്പാനൂരില്‍ നിന്ന് 5.6 കിലോമീറ്റര്‍ ദൂരമാണുള്ളത്. 400 രൂപവരെ ടാക്‌സിക്ക് നല്‍കേണ്ട അവസ്ഥയുണ്ടായിരുന്നു.വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കുണ്ടായിരുന്ന എതിര്‍പ്പും യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ 45 സീറ്റ് എ.സി.ബസാണ് ഫ്‌ലൈ ബസായി മാറുന്നത്. പരിമിതമായ അളവില്‍ ലഗേജും സൗജന്യമായി കൊണ്ടുപോകാം. ലഗേജ് നിരക്ക് ഈടാക്കിയാലും നിലവിലെ ടാക്‌സി നിരക്ക് പരിഗണിക്കുമ്ബോള്‍ ഫ്‌ലൈ ബസ് ഏറെ ലാഭകരമാണ്.
വിമാനത്താവളത്തിനുള്ളിലും ഫ്‌ലൈ ബസിനെക്കുറിച്ച് അറിയിപ്പുണ്ടാകും. ഇതിനായി ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഭാവിയില്‍ ബസില്‍ നിന്നുതന്നെ ചെക്ക് ഇന്‍ ചെയ്യാനുള്ള സൗകര്യവും കെ.എസ്.ആര്‍.ടി.സി ഒരുക്കും. അടുത്ത സീസണില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഫ്‌ലൈ ബസ് സര്‍വീസ് ഉണ്ടാകും. എയര്‍പോര്‍ട്ടില്‍ നിന്നുള്ള അധിക സര്‍ച്ചാര്‍ജ് ഈടാക്കാതെയാണ് കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ആരംഭിക്കുന്നത്. രാത്രിയും ബസുണ്ടാകും.













