കെ.എം മാണിയെ മറന്നുകൊണ്ടുള്ള തീരുമാനമാണ് യുഡിഎഫിന്റേതെന്ന് ജോസ് കെ.മാണി; പുറത്താക്കലിന് ശേഷമുള്ള ആദ്യ യു.ഡി.എഫ് നേതൃയോഗം ഇന്ന്

തിരുവനന്തപുരം: ജോസ് കെ മാണിയെ പുറത്താക്കിയശേഷം ചേരുന്ന ആദ്യ യു.ഡി.എഫ് നേതൃയോഗം ഇന്ന്. ഇന്നത്തെ യോഗത്തില്‍ കേരള കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ജോസുമായി വീണ്ടും സമവായ ചര്‍ച്ച വേണമെന്ന അഭിപ്രായം കോണ്‍ഗ്രസിനുണ്ട്.

യുഡിഎഫ് ആവശ്യപ്പെട്ടാല്‍ സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന് ലീഗും പറഞ്ഞ സാഹചര്യത്തില്‍ മുന്നണി എടുക്കുന്ന തീരുമാനം പ്രധാനമാണ്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം തല്‍ക്കാലം വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. ജോസ് കെ മാണിയെ പുറത്താക്കിയ സാഹചര്യത്തില്‍ ജോസഫും അവിശ്വാസത്തിന് നിര്‍ബന്ധം പിടിക്കാനിടയില്ല.

അതേസമയം കഴിഞ്ഞ ദിവസം കെഎം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസിനെ പിജെ ജോസഫ് ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചുവെന്ന് ജോസ് കെ മാണി എംപി ആരോപിച്ചു. പിജെ ജോസഫിന് രാഷ്ട്രീയ അഭയം നല്‍കുകയാണ് കെഎം മാണി ചെയ്തത്. അത് തെറ്റായിപ്പോയി.

കെഎം മാണിയെ മറന്നുകൊണ്ടുള്ള തീരുമാനമാണ് യുഡിഎഫിന്റേത്. കേരള കോണ്‍ഗ്രസിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതാണോ താന്‍ ചെയ്ത തെറ്റെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫിനെ പടുത്തുയര്‍ത്തുന്നതില്‍ 38 വര്‍ഷക്കാലം കെഎം മാണിക്ക് നിര്‍ണായക പങ്കുണ്ട്. ആ കെ എം മാണിയെയാണ് പുറത്താക്കിയത്. യുഡിഎഫുമായുണ്ടായിരുന്നത് ഹൃദയബന്ധം. ഒരു കാരണവുമില്ലാതെ ആ ഹൃദയ ബന്ധം മുറിച്ച്‌ മാറ്റി. ഒരു തദ്ദേശ സ്ഥാപനത്തിലെ പദവിക്ക് വേണ്ടി മുന്നണി രൂപീകരിക്കാന്‍ കൂടെ നിന്ന പാര്‍ട്ടിയെ പുറത്താക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *