കോട്ടയം: കോട്ടയം സ്വദേശി കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് വിധി പറയാനായി മാറ്റി. ഈ മാസം 22ന് കേസില്‍ വിധി പറയുമെന്നാണ് കോട്ടയം സെഷന്‍സ് കോടതി ഉത്തരവിട്ടത്. കോടതി ചേര്‍ന്നപ്പോള്‍ തന്നെ കേസ് ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ജഡ്‌ജി ആവശ്യപ്പെട്ടു. ഇതിനായി പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും അഭിപ്രായം കോടതി തേടി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും ദുരഭിമാനക്കൊലയായി പ്രഖ്യാപിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ മുഖ്യസാക്ഷിയായ ലിജോയും മുഖ്യപ്രതിയായ ഷാനു ചാക്കോയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം ഇതിന് തെളിവാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. താഴ്‌ന്ന ജാതിക്കാരനായ കെവിന്‍ നീനുവിനെ കല്യാണം കഴിക്കുന്നത് തങ്ങള്‍ക്ക് നാണക്കേടാണെന്നാണ് ഷാനു സന്ദേശം അയച്ചത്. എന്നാല്‍ ദുരഭിമാനക്കൊലയല്ലെന്നാണ് പ്രതിഭാഗം വക്കീലിന്റെ വാദം. കെവിനും നീനുവും തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛന്‍ സമ്മതിച്ചിരുന്നതായും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
മേയ് 26നാണ് എസ്.എച്ച് മൗണ്ട് പിലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ പ്രതിശ്രുത വധു നീനുവിന്റെ ബന്ധുക്കള്‍ അടങ്ങിയ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കേസിലെ പ്രതിയായ ഷാനു ചാക്കോയുടെ സഹോദരി നീനുവിനെ വീട്ടുകാരുടെ അനിഷ്ടം വകവെയ്ക്കാതെ കൊല്ലപ്പെട്ട കെവിന്‍ വിവാഹം ചെയ്തതിനു പിന്നാലെയായിരുന്നു ക്രൂരമര്‍ദ്ദനവും കൊലപാതകവും. കോട്ടയം നാട്ടകത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഷാനുവും സംഘവും കെവിനെ മര്‍ദ്ദിച്ച് പുറത്തിറക്കുകയും കാറില്‍ കയറി തട്ടിക്കൊണ്ടു പോകുകയുമായിരുന്നു.

കെവിനോടൊപ്പം തട്ടിക്കൊണ്ടു പോയ ബന്ധു അനീഷിനെ സംഘം അന്നു തന്നെ വിട്ടയച്ചിരുന്നു. അനീഷ് ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും നടപടി വൈകിയതാണ് കെവിന്റെ മരണത്തിന് ഇടയാക്കിയതെന്നും ആരോപണമുണ്ടായിരുന്നു. കേസില്‍ പങ്കുള്ള ഷാനു, അച്ഛന്‍ ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ 14 പേരെയും അറസ്റ്റ് ചെയ്തിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.













